Business

ഫ്‌ളിപ്കാര്‍ട്ടടക്കം 21 ഓണ്‍ലൈന്‍ കമ്പനികള്‍ എന്‍ഫോഴ്‌സ്‌മെന്റ് നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ എന്നിവയടക്കം 21 പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ കമ്പനികളുടെ പ്രവര്‍ത്തനം എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. വിദേശ വിനിമയചട്ടം കമ്പനികള്‍ ലംഘിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.

ഇവയില്‍ എട്ടു കമ്പനികള്‍ വിദേശ വിനിമയ മാനേജ്‌മെന്റ് നിയമം അഥവാ ഫെമ കാറ്റില്‍പറത്തി വിദേശപണത്തിന്റെ ഇടപാടിന് കൂട്ടുനില്‍ക്കുന്നുവെന്നും കണ്ടെത്തിയിരുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഓണ്‍ലൈന്‍ കമ്പനികളെ നിരീക്ഷിക്കുന്നത് ശക്തമാക്കിയത്. ചില ഓണ്‍ലൈന്‍ കമ്പനികള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങി ഉപഭോക്താക്കള്‍ക്ക് വന്‍ ഇളവ് നല്‍കി നേരിട്ട് വിറ്റഴിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരം എട്ടു കമ്പനികളുടെ ഇടപാട് സംബന്ധിച്ച സത്യവാങ്മൂലം എന്‍ഫോഴ്‌സ്‌മെന്റ് ഫെബ്രുവരിയില്‍ കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ സമര്‍പ്പിക്കും. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഡല്‍ഹി കോടതിയില്‍ ഇതു സംബന്ധിച്ച് ഹര്‍ജിയെത്തിയത്.

ഇ-കൊമേഴ്‌സ് മേഖലയില്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന നേരിട്ടുള്ള വിദേശ നിക്ഷേപം ചട്ടം ലംഘിച്ചാണ് പല കമ്പനികളും ഇത്തരത്തില്‍ കച്ചവടം നടത്തുന്നതെന്നും ആക്ഷേപമുണ്ട്. ചാണകപ്പൊടി മുതല്‍ ഹൈടെക് ഉപകരണങ്ങള്‍ വരെ വില്‍പ്പന നടക്കുന്ന രാജ്യത്തെ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ മേഖലയില്‍ പ്രതിവര്‍ഷം 20 ബില്യണ്‍ ഡോളറിന്റെ അതായത് ഏകദേശം 1,36,000 കോടി രൂപയുടെ കച്ചവടം നടക്കുന്നുണ്ടെന്നാണ് കണക്ക്.

shortlink

Post Your Comments


Back to top button