ധനേരാ: ഗുജറാത്തില്‍ അനധികൃതമായി മദ്യക്കുപ്പികള്‍ നിറച്ചു വന്ന ലോറി മറിഞ്ഞത് ‘മരുഭൂമിയിലെ മഴപോലെ’ പ്രദേശവാസികള്‍ ആഘോഷമാക്കി മാറ്റി. സമ്പൂര്‍ണ മദ്യ നിരോധന സംസ്ഥാനമാണ് ഗുജറാത്ത്. മദ്യക്കുപ്പികള്‍ നിറച്ച വാഹനം ധനേരയ്ക്ക് സമീപം മറിഞ്ഞുവെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതോടെ ഓടിക്കൂടിയ പ്രദേശവാസികള്‍ കഴിയുന്നത്ര കുപ്പികളുമായാണ് മടങ്ങിയത്. കുറേയധികം പേര്‍ മദ്യക്കുപ്പികള്‍ ചാക്കില്‍ വാരിക്കൂട്ടി കടന്നു കളഞ്ഞു.
ഗുജറാത്തില്‍ മദ്യത്തിന് പൂര്‍ണ നിരോധനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗുജറാത്ത് വ്യാജ മദ്യം നിര്‍മ്മിക്കുകയും വിതരണം ചെയ്യുന്നവര്‍ക്കും വധശിക്ഷ വരെ വിധിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനവുമാണ്. മദ്യത്തിന്റെ ലഭ്യത കുറഞ്ഞത് മുതലാക്കി കച്ചവടം ലക്ഷ്യമിട്ടെത്തിയ ലോറിയാണ് മറിഞ്ഞത്. മദ്യക്കുപ്പികള്‍ നിറച്ച ലോറി മറിഞ്ഞത് റോഡില്‍നിന്നും അഞ്ചടിയോളം താഴ്ചയിലേക്കാണ്. കയ്യില്‍ കിട്ടിയ കുപ്പികളുമായി കുറേ പേര്‍ മടങ്ങിയപ്പോള്‍ ചിലര്‍ ബ്രാന്‍ഡഡ് ഐറ്റം മാത്രം തെരഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു. നാട്ടുകാര്‍ക്ക് പുറമെ മിനിട്ടുകള്‍ക്കകം പോലീസും ലോറി അപകടത്തില്‍പ്പെട്ട വാര്‍ത്ത അറിഞ്ഞുവെങ്കിലും, അവര്‍ എത്തിയപ്പോഴേയ്ക്കും ലോറി കാലിയായിരുന്നു. ലോറി ഡ്രൈവര്‍ വാഹനം അപകടത്തില്‍പ്പെട്ടയുടന്‍ ഓടി രക്ഷപ്പെട്ടിരുന്നു.
Post Your Comments