ബഹിരാകാശത്തും ഇനി വസന്തം വിരിയും. ബഹിരാകാശത്ത് വിരിഞ്ഞ ആദ്യ പൂവിന്റെ ചിത്രം നാസ പുറത്തുവിട്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വെജി ലാബില്‍ വിരിഞ്ഞ സീനയ പുഷ്പത്തിന്റെ ചിത്രമാണ് ശാസ്ത്രജ്ഞന്‍ സ്‌കോട്ട് കെല്ലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ബഹിരാകാശത്ത് വിരിഞ്ഞ ആദ്യ പുഷ്പമെന്ന വിശേഷണം ഇതോടെ ഓറഞ്ച് നിറത്തിലുള്ള ഈ സീനിയയ്ക്കായി. ബഹിരാകാശ ശാസ്ത്രത്തിലെ നാഴികക്കല്ലാണ് ഈ നേട്ടമെന്ന് നാസ പ്രതികരിച്ചു. ബഹിരാകാശനിലയത്തിലുള്ള കൃത്രിമ സംവിധാനങ്ങളുപയോഗിച്ചാണ് ചെടി വളര്‍ത്തിയെടുത്തത്. ചുവപ്പ്, നീല, പച്ച നിറങ്ങളിലുള്ള എല്‍.ഇ.ഡി ലൈറ്റുകളുപയോഗിച്ച് സൂര്യപ്രകാശത്തിന് സമാനമായ അന്തരീക്ഷം ബഹിരാകാശ നിലയത്തില്‍ സൃഷ്ടിക്കുകയായിരുന്നു.
ബഹിരാകാശത്ത് പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നതോടെ ശാസ്ത്രജ്ഞര്‍ക്ക് കൂടുതല്‍ കാലം അവിടെ ചെലവഴിക്കാനും പഠനങ്ങള്‍ നടത്താനും സാധിക്കുമെന്ന് നാസ അറിയിച്ചു. 2014 മേയിലാണ് ബഹിരാകാശ നിലയത്തില്‍ വെജി ലാബ് സ്ഥാപിക്കുന്നത്. ഗുരുത്വാകര്‍ഷണത്തിന്റെ അഭാവത്തില്‍ ചെടികള്‍ എങ്ങനെ വളര്‍ത്താമെന്ന പഠനമാണ് അവിടെ നടക്കുന്നത്.
Post Your Comments