Kerala

ഭാവന ലക്ഷ്മി യാത്രയായത് മൂന്നു ജീവനുകള്‍ക്ക് വെളിച്ചം പകര്‍ന്ന്

ചേരാനല്ലൂര്‍: മൂന്നു ജീവിതങ്ങള്‍ക്കു പുതുവെളിച്ചമേകിക്കൊണ്ടാണ് സൗത്ത് ചിറ്റൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഭാവനാ ലക്ഷ്മി യാത്രയായത്. ഈ ചെറുപ്രായത്തില്‍ തന്നെ അവയവ ദാനമെന്ന മഹത്തായ സന്ദേശം ജനങ്ങള്‍ക്കു പകര്‍ന്നു നല്‍കി സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ച ഭാവന ലക്ഷ്മി ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ വരെ ശ്രദ്ധയില്‍ എത്തിയിരുന്നു.

തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച സഹപാഠിയെ സഹായിക്കാനായി ചിറ്റൂര്‍ സെന്റ് മേരീസ് യുപി സ്‌കൂളില്‍ അവയവദാനബോധവല്‍ക്കരണ പരിപാടി തുടങ്ങുന്നതിനു ഒരു കാരണക്കാരി കൂടിയാണ് ഈ കോച്ച് പെണ്‍കുട്ടി. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മന്‍കീബാത്തിന്റെയും പ്രശംസ പിടിച്ചു പറ്റാന്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് തുടക്കമിട്ട ‘ഒരുമയിലൊരുന്ത്യ, മാനവികതയ്‌ക്കൊരു കയ്യൊപ്പ്’ എന്ന ബോധവല്‍ക്കരണ പരിപാടിയ്ക്ക് സാധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സംരംഭത്തെ പിന്തുണച്ചത് ഭാവന ലക്ഷ്മിയുടെ പേര് എടുത്തു പറഞ്ഞുകൊണ്ടാണ്.

കഴിഞ്ഞ ദിവസമാണ് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ലക്ഷ്മി നിവാസില്‍ ആര്‍ എസ് മൂര്‍ത്തിയുടെയും പ്രസന്നയുടെയും മകളായ ഭാവന ലക്ഷ്മി (6) മരണത്തിനു കീഴടങ്ങിയത്. മൂന്നു വര്‍ഷമായി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ഭാവന ലക്ഷ്മി ചികിള്‍സയിലായിരുന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനാല്‍ മാതാപിതാക്കള്‍ കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയാറാവുകയായിരുന്നു. ഭാവന ലക്ഷ്മിയുടെ കരള്‍ തൃശൂര്‍ സ്വദേശിയായ 51 കാരനും വൃക്കകള്‍ ലേക്ഷോര്‍ ആശുപത്രിയില്‍ ചികിള്‍സയില്‍ കഴിയുന്ന രണ്ടു പേര്‍ക്കുമാണ് മാറ്റി വച്ചത്.

ഡോ. മാത്യൂ ജേക്കബ്, ഡോ. റെഹാന്‍ സെയ്ഫ്, ഡോ. നവീന്‍ ഗാന്‍ജു, ഡോ. സുരേഷ് ജി നായര്‍, തുടങ്ങിയവരാണ് ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടന്ന ശത്രക്രീയയ്ക്ക് നേതൃത്തം നല്‍കിയത്. ഭാവന ലക്ഷ്മിയുടെ സഹോദരങ്ങള്‍ ശ്രീലക്ഷ്മി, ആകാശ് എന്നിവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button