India

കൊടും ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി സൂചന: രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പത്തോളം ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ വിഭാഗം റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ നിന്നാണ് ഇന്ത്യയിലേക്ക് കടന്നതെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ അവര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് രാജ്യത്തെ പ്രധാന കേന്ദ്രങ്ങള്‍ക്ക് അതീവ സുരക്ഷ ഉറപ്പാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.

പത്താന്‍കോട്ട് ഭീകരാക്രമണവും ഇതിനെത്തുടര്‍ന്നുള്ള ആഭ്യന്തര സുരക്ഷയുടെ അവസ്ഥ എന്നിവയായിരുന്നു യോഗത്തിന്റെ മുഖ്യ ചര്‍ച്ചാ വിഷം. ആക്രമണത്തിന് ശേഷവും അതിര്‍ത്തി കടന്നുള്ള ഭീകരരുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അത് നേരിടാനുള്ള സംവിധാനങ്ങള്‍ ശക്തമാക്കണമെന്ന് യോഗം വിലയിരുത്തി. ഭീകരാക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ചാല്‍ നടപടികള്‍ക്ക് കാലതാമസം നേരിടരുതെന്ന് യോഗം അഭിപ്രായപ്പെട്ടു.

ഡല്‍ഹിയടക്കമുള്ള വിമാനത്താവളങ്ങളില്‍ റാഞ്ചല്‍ ഭീഷണിയെത്തുടര്‍ന്ന് സുരക്ഷാ പരിശോധന കര്‍ശനമാക്കി. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പഥിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ സുരക്ഷയൊരുക്കാന്‍ ഡല്‍ഹിയില്‍ പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെക്കൂടി നിയോഗിക്കും. മാധ്യമങ്ങള്‍ക്ക് അപ്പപ്പോള്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ സംവിധാനമുണ്ടാകുമെന്നും സൈനിക വിഷയങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുമെന്നും യോഗത്തില്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button