Gulf

സൗദിയില്‍ അറബ് രാജ്യങ്ങളിലെ നഴ്‌സുമാര്‍ക്ക് മുന്‍ഗണന, ഇന്ത്യയ്ക്ക് തിരിച്ചടി

റിയാദ്: അറബ് രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് സൗദി അറേബ്യയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മുന്‍ഗണന. സൗദി അറേബ്യ ഇന്ത്യന്‍ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചെങ്കിലും സൗദി സര്‍ക്കാരിന്റെ അംഗീകൃത ഏജന്‍സികളുടെ പട്ടികയില്‍ സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്കയ്ക്ക് ഇടംലഭിച്ചില്ല. പട്ടികയില്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഒഡേപെക് ഉണ്ടെങ്കിലും സംസ്ഥാനത്ത് റിക്രൂട്ട്‌മെന്റിന് ഇത്വരെയും അവസരം ലഭിച്ചിട്ടില്ല. സൗദി ആരോഗ്യ മന്ത്രാലയം ഇന്ത്യയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നുമുള്ള നഴ്‌സുമാര്‍ക്ക് മുന്‍ഗണന നല്‍കിയിരുന്ന പതിവിനു വിപരീതമായി ഈജിപ്ത്, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നഴ്‌സുമാര്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.

ഈജിപ്തില്‍ നിന്നും സുഡാനില്‍ നിന്നുമുള്ള നഴ്‌സ് നിയമനം സര്‍ക്കാര്‍ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗം, അത്യാഹിത വിഭാഗം. മാനസികാരോഗ്യ ചികില്‍സാകേന്ദ്രങ്ങള്‍ തുടങ്ങിയവയിലേക്ക് തുടങ്ങിയെന്നാണു റിപ്പോര്‍ട്ട്.സൗദി ആരോഗ്യ മന്ത്രാലയം  ഇതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. നിലവില്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശ നഴ്‌സുമാരില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്. സൗദിയിലെ ജോലി സ്വപ്‌നം കാണുന്ന മലയാളി നഴ്‌സുമാര്‍ക്ക് അറബ് രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ക്കു മുന്‍ഗണന നല്‍കാനുള്ള തീരുമാനം തിരിച്ചടിയാകും.

ഏത് സമയവും തൊഴില്‍ നഷ്ടമാകാം എന്ന അവസ്ഥയിലാണ് സൗദിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ജനറല്‍ നഴ്‌സുമാര്‍. അതിനു പുറമേയാണ് മറ്റുള്ളവര്‍ക്കു മുന്നിലും അവസരങ്ങള്‍ കൊട്ടിയടയ്ക്കുന്നത്. ആഭ്യന്തര കലാപം രൂക്ഷമായ ലിബിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു മടങ്ങേണ്ടി വന്ന നഴ്‌സുമാരുടെ പുനരധിവാസം എങ്ങുമെത്തിയിട്ടില്ല. ഈ വിഷയത്തില്‍  കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സൗദി അധികൃതരുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനമെടുപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോടിക്കണക്കിനു രൂപയുടെ വിദേശനാണ്യവും ഇന്ത്യയ്ക്ക് നഷ്ടമാകും. 

 

 

 

 

shortlink

Post Your Comments


Back to top button