കൊല്‍ക്കത്ത: റിപ്പബ്ലിക് ദിന പരേഡിനായി പരിശീലനം നടത്തുകയായിരുന്ന വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കിടയിലേക്ക് ആഡംബര കാര്‍ ഇടിച്ചുകയറ്റി ഒരുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിന് കാരണക്കാരനായത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍. തൃണമൂല്‍ നേതാവ് മൊഹമ്മദ് സൊറാബിന്റെ മകന്‍ സാമ്പിയ സൊറാബാണ് ആഡംബര കാര്‍ ഇടിച്ചുകയറ്റിയത്. എന്നാല്‍ മൂന്ന് ദിവസമായിട്ടും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ആദ്യ റിപ്പോര്‍ട്ടനുസരിച്ച് സൊറാബിന്റെ മൂത്തമകന്‍ അംബിയയാണ് കാറോടിച്ചതെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തിലാണ് കാറോടിച്ചത് സാമ്പിയ ആണെന്ന് തെളിഞ്ഞത്. സംഭവത്തെത്തുടര്‍ന്ന് മൂവരും ഒളിവിലാണ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദ്ദേശ പ്രകാരം സാമ്പിയക്കെതിരെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പരിശീലന പരേഡിന് നേതൃത്വം നല്‍കുകയായിരുന്ന കോര്‍പറല്‍ അഭിമന്യു ഗൗഡാണ് ദാരുണമായി കൊല്ലപ്പെട്ടത്. 21 വയസ്സായിരുന്നു.കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ ബുധനാഴ്ച പുലര്‍ച്ചെ 6.30ന് ആണ് അപകടം നടന്നത്. പരിശീലന പരേഡ് നടക്കുന്ന റെഡ് റോഡിലേക്കുള്ള ഗതാഗതത്തിന് പുലര്‍ച്ചെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. അതിവേഗത്തില്‍ പരേഡ് ഗ്രൗണ്ടിലേക്ക് ആഡംബര കാര്‍ ഔഡിയുമായെത്തിയാണ് സാമ്പിയ സോറാബ് വ്യോമസേന ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
നിയന്ത്രണം വിട്ട വാഹനം തുടര്‍ന്ന് ബാരിക്കേഡുകളും തകര്‍ത്താണ് നിന്നത്. ഔഡി ഉപേക്ഷിച്ച് പ്രതി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.
Post Your Comments