കൊച്ചി: സരിത ജയിലില്‍ വച്ചെഴുതിയ കത്തില്‍ പതിമൂന്നോളം ഉന്നതരെക്കുറിച്ചും ഒരു ഉന്നത പൊലീസുദ്യോഗസ്ഥനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ടെന്ന് മുന്‍ ജയില്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബിന്റെ വെളിപ്പെടുത്തല്‍. സോളാര്‍ കമ്മീഷന് മുമ്പാകെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇവരുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ലെന്നും മുന്‍ ഡി.ജി.പി മൊഴി നല്‍കി.
21 പേജുള്ള കത്തില്‍ മുഖ്യമന്ത്രിയുടെ പേരില്ല. സരിതയുടെ ബന്ധുവെന്ന പേരില്‍ അട്ടക്കുളങ്ങര ജയിലില്‍ ഒരാള്‍ അവരെ സന്ദര്‍ശിച്ചു. അതിന് ശേഷമാണ് കത്ത് നാലുപേജായി ചുരുങ്ങിയത്. സരിതയെ സന്ദര്‍ശിച്ചത് ആരായിരുന്നുവെന്ന് അറിയില്ല. പത്തനംതിട്ട ജില്ലാ ജയിലില്‍ കഴിയവേ സരിത പെരുമ്പാവൂര്‍ പോലിസിന്റെ കസ്റ്റഡിയില്‍ പോയിരുന്നു. തിരികെ ജയിലിലെത്തിച്ചപ്പോള്‍ വാര്‍ഡന്‍മാര്‍ നടത്തിയ ദേഹപരിശോധനയിലാണ് 21 പേജുള്ള കത്ത് കണ്ടെടുത്തത്. കത്ത് താന്‍ വായിച്ചിരുന്നില്ല. എന്നാല്‍ അത് പിടിച്ചെടുത്ത ജയില്‍ ഉദ്യോഗസ്ഥരിലൂടെ അതിന്റെ ഉള്ളടക്കം മനസിലാക്കിയിട്ടുണ്ട്. സരിതയെ അട്ടക്കുളങ്ങരയിലേക്ക് മാറ്റിയ 2013 ജൂലൈ 23ന് അവരെ കാണണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ജീപ്പില്‍ ജയിലിലെത്തിയിരുന്നു. ജീപ്പില്‍ തോക്ക് ഉള്‍പ്പെടെ ആയുധങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വാര്‍ഡന്‍ അക്കാര്യം ഫോണില്‍ തന്നെ വിളിച്ചറിയിച്ചു. താന്‍ ഇക്കാര്യം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. എന്നാല്‍ വാര്‍ഡന്‍ ഫോണ്‍ ചെയ്തത് കേട്ടയുടന്‍ സംഘം തിരിച്ചുപോയതിനാല്‍ അവരെ പിടികൂടാനോ തിരിച്ചറിയാനോ സാധിച്ചില്ല.
അന്നേദിവസം തന്നെ സരിതയെ കാണാനായി 150ലധികം അപേക്ഷകളാണ് ലഭിച്ചത്. മാധ്യമപ്രവര്‍ത്തരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇതില്‍ ഉള്‍പ്പെടുന്നു. ലണ്ടനില്‍ നിന്നടക്കം ഫോണ്‍ കോളുകളും വന്നിരുന്നു. ഇവരുടെയൊക്കെ പേര് കേട്ടാല്‍ കമ്മീഷന്‍ വിരണ്ടുപോകുമെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.
Post Your Comments