Kerala

മാനഭംഗം വിനോദമാക്കിയ മോഷണകലയിലെ അതികായകന്‍…

തിരുവനന്തപുരം: സുരേഷ് തന്റെ പന്ത്രണ്ടാം വയസിലാണ് അയല്‍പക്കത്തെ അമേരിക്കക്കാരന്റെ വീട്ടില്‍ കവര്‍ച്ച നടത്തി മോഷണത്തില്‍ അരങ്ങേറ്റം കുറിച്ചത്. പതിനായിരം രൂപയാണ് അന്നു കിട്ടിയത്. കൊല്ലത്ത് കഴിഞ്ഞദിവസം പിടിയിലായ മോഷ്ടാവ് കൊല്ലം മങ്ങാട് തൊടിയില്‍ വീട്ടില്‍ സുധിയെന്ന സുരേഷിന്റെ (47) മോഷണ മേഖല തമിഴ്‌നാട്ടിലും വ്യാപിച്ചു കിടക്കുകയാണ്. ഭാര്യയുടെ ഫോണ്‍ കോള്‍ പിന്തുടര്‍ന്നാണ് സുരേഷിനെ വലയിലാക്കിയത്. ഇയാളുടെ മോഷണ വിരുത് കേട്ട് പൊലീസും അമ്പരന്നു. കേരളത്തിനകത്തും പുറത്തുമായി നടന്ന നിരവധി മോഷണങ്ങള്‍ക്ക് തുമ്പ് ലഭിച്ചതിന്റെ ആശ്വാസത്തിലാണ് പോലീസ്.

മോഷണത്തിന്റെ തുടക്കം

അയല്‍ വീട്ടിലെ അലമാരയില്‍ നിന്ന് നിക്കറിട്ട് നടക്കുന്ന പ്രായത്തില്‍ പതിനായിരം രൂപ അടിച്ചുമാറ്റിയ സുരേഷിനെ അന്ന് ആരും സംശയിച്ചില്ല. സംഭവം പുറത്തറിഞ്ഞത് ദിവസങ്ങള്‍ക്കുശേഷം സ്‌കൂളിലെത്തിയ സുരേഷിന്റെ കൈയില്‍ കറന്‍സി നോട്ടുകള്‍ കണ്ടതോടെയാണ്. ഏഴാം ക്‌ളാസുകാരന്റെ ചാപല്യമായി ഇതിനെകണ്ട അയല്‍വാസി കേസിനൊന്നും പോകാതെ സുരേഷിനെ ഉപദേശിച്ചു വിട്ടു. അതോടെ മോഷണം നടത്തിയാലും പ്രശ്‌നമില്ല എന്നൊരു തോന്നലായി. ഹൈസ്‌കൂളില്‍ പഠനം നിറുത്തിയ സുരേഷിന്റെ ചിന്ത എങ്ങനെയും പണമുണ്ടാക്കണമെന്നായി. മോഷണം സ്ഥിരം ജോലിയാക്കിയത് അങ്ങനെയാണ്.

മാനഭംഗം വിനോദമാക്കിയ പ്രതി

സുരേഷ് വണ്ടിപ്പെരിയാര്‍ വിട്ടത് നാട്ടില്‍ തുടര്‍ച്ചയായി മൂന്ന് ബലാത്സംഗകേസുകളില്‍ പ്രതിയായതോടെയാണ്. 1993ലായിരുന്നു ആദ്യസംഭവം. വണ്ടിപെരിയാറിലെ ഒരു വീട്ടില്‍ മറവേലിയ്ക്കുള്ളില്‍ കുളിച്ചുകൊണ്ടുനിന്ന സ്ത്രീയെ കുളിപ്പുരയ്ക്കുള്ളില്‍ കയറിയാണ് ഇയാള്‍ മാനഭംഗപ്പെടുത്തിയത്. ശിക്ഷ കഴിഞ്ഞിറങ്ങിയതിനു ശേഷം ജാമ്യത്തിലിറങ്ങിയ സുരേഷ് ഒരു വര്‍ഷത്തിനുശേഷം പട്ടാപ്പകല്‍ തേയിലത്തോട്ടത്തില്‍ ഒരേ ദിവസം രണ്ട് സ്ത്രീകളെ മാനഭംഗപ്പെടുത്തി വീണ്ടും പിടിയിലായി. ആദ്യ പരാക്രമം ജോലി കഴിഞ്ഞ് മടങ്ങിയ കാമുകിയോടായിരുന്നു. തൊട്ടടുത്ത മറ്റൊരു എസ്റ്റേറ്റില്‍ താമസസ്ഥലത്തേക്ക് പോയ യുവതിയേയും ഒരുമണിക്കൂറിനകം മാനഭംഗപ്പെടുത്തി. 2004 മുതല്‍ 2014വരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഈ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് കഴിയുകയായിരുന്നു പ്രതി. 20 വര്‍ഷമാണ് രണ്ട് കേസുകളിലായി ശിക്ഷ വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ച് 2014ല്‍ ഇയാള്‍ ജയില്‍ ജീവിതം അവസാനിപ്പിച്ചു.

ഇരുട്ടിന്റെ തോഴന്‍

പകല്‍ കൂലിപ്പണിക്ക് പോയാണ് മോഷണത്തിന് ഇയാള്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. കാര്യമായെന്തെങ്കിലും കിട്ടുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഇയാള്‍ മോഷണത്തിനിറങ്ങാറൂള്ളൂ. ഒരുമാസം ചെലവിനുള്ളത് ഒരു രാത്രി പണിക്കിറങ്ങിയാല്‍ കിട്ടണം. മോഷണത്തിന്റെ സ്‌കെച്ചും പ്‌ളാനും തയാറാക്കുന്നത് കൂലിപ്പണിക്കും കൊത്തപ്പണിക്കും വാര്‍ക്കപ്പണിക്കും സഹായിയായി കൂടിയാണ്. ജില്ല വിട്ടുള്ള പണി തുടങ്ങിയത് അടുത്തടുത്തുള്ള സ്ഥലങ്ങളില്‍ തുടര്‍ച്ചയായ മോഷണം നടത്തി പൊലീസിന്റെ നോട്ടപ്പുള്ളിയായതോടെയാണ്. ഇയാള്‍ക്ക് ദൂരസ്ഥലങ്ങള്‍ പരിചിചമായത് ലോറികളിലും ബസുകളിലും ക്‌ളീനറായും ഡ്രൈവറായും പോയാണ്.

കിളികൊല്ലൂര്‍ സ്വദേശിനിയെ ഇയാള്‍ വിവാഹം ചെയ്തത് കൊല്ലം റെയില്‍വേ ഗുഡ്‌സ് യാര്‍ഡില്‍ ലോറി ക്‌ളീനറായിരിക്കെയാണ്. ഭാര്യയും വീട്ടുകാരും വളരെ വൈകിയാണ് ലോറിയില്‍ ക്‌ളീനറും പിന്നീട് ഡ്രൈവറുമായി മാറിയ സുരേഷ് മോഷ്ടാവാണെന്ന കാര്യം അറിയുന്നത്.

സ്ത്രീകളുമായി പരിചയം ഭാവിച്ച് ബസിലെ കിളി വീട്ടുകാര്യങ്ങളറിയും

സ്ഥിരം ബസില്‍ വരുന്ന സ്ത്രീകളുമായി ചിരിച്ചും സംസാരിച്ചും പരിചയപ്പെട്ട് വീടും വീട്ടിലെ സാഹചര്യങ്ങളും ഇയാള്‍ വ്യക്തമായി മനസിലാക്കിയിരുന്നു. വീടും പരിസരവും പഠിച്ച് രാത്രിയില്‍ മോഷണം നടത്തുകയാണ് ഇയാളുടെ രീതി. ബസ് ഒതുക്കിയതിനു പിന്നാലെ സുരേഷ് സെക്കന്റ് ഷോ കഴിഞ്ഞാണ് വീട്ടുകാര്‍ ഉറക്കമായെന്ന് ഉറപ്പുവരുത്തിയശേഷം പണിതുടങ്ങുന്നത്. അകത്തുകടക്കുന്നത് ജനലഴികള്‍ മുറിച്ചാണ്.

പിടിയിലായ വഴി..

ഇയാളെ കുടുക്കിയത് കരുനാഗപ്പള്ളി ഹൈസ്‌കൂള്‍ ജംഗ്ഷനിലെ ഒരു കടയില്‍ നടത്തിയ മോഷണമാണ്. കരുനാഗപ്പള്ളി ഇളമ്പള്ളൂര്‍ റൂട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍വീസ് നടത്തിയിരുന്ന ബസ് ഇടവേളകളില്‍ പാര്‍ക്ക് ചെയ്തിരുന്നത് കടയ്ക്ക് മുന്നിലുള്ള പഴയ ദേശീയപാതയിലാണ്. സുരേഷ് ഈ കടയില്‍ മോഷണം നടത്തിയത് കഴിഞ്ഞ നവംബര്‍ ഏഴിനാണ്. അകത്ത് കടന്നത് പതിവു പോലെ തന്നെ ജനലിന്റെ കമ്പി മുറിച്ചാണ്. പണമൊന്നും മേശയില്‍ ഇല്ലാതിരുന്നതിനാല്‍ സേഫ് ലോക്കര്‍ പൊളിച്ച് അഞ്ചുലക്ഷം രൂപയും 15 പവന്‍ സ്വര്‍ണവും ഇയാള്‍ കവരുകയായിരുന്നു. ഒരു സിം കാര്‍ഡും ഇയാള്‍ മോഷ്ടിച്ചു. ആ സിം കാര്‍ഡാണ് ഇയാളെ കുടുക്കിയത്.

ലോക്കറില്‍ നിന്നെടുത്ത പഴയ സിം കാര്‍ഡ് റീ ചാര്‍ജ് ചെയ്ത് ഉപയോഗിച്ചതാണ് വിനയായത്. കടയുടമ പൊലീസിനോട് ആഭരണങ്ങള്‍ക്കും പണത്തിനുമൊപ്പം സിം നഷ്ടപ്പെട്ട വിവരം പറഞ്ഞിരുന്നു. സുരേഷിനെ കുടുക്കാന്‍ പൊലീസിനെ സഹായിച്ചത് കിളികൊല്ലൂരിലെ ഭാര്യയുടെ നമ്പരിലേക്ക് ഈ സിം കാര്‍ഡില്‍ നിന്നെത്തിയ ഫോണ്‍ കോളാണ്. ഏതാനും ദിവസത്തെ ഗുജറാത്ത് വാസത്തിനുശേഷം ഗോവയിലെത്തിയ സുരേഷ് വിദേശ സ്ത്രീകള്‍ക്കൊപ്പം മദ്യപിച്ച,് അവരോടൊപ്പം എ.സി റൂമുകളില്‍ രമിച്ച് വന്‍കിട ഹോട്ടലുകളില്‍ കഴിയുകയായിരുന്നു.

മുംബയിലെ വാഷിയില്‍ ഒരു തുണിക്കട തുടങ്ങാനുള്ള പദ്ധതിയുമായി അതിനുശേഷം ഇയാളെത്തുകയായിരുന്നു. ഇതിനായി ഒരു കട നോക്കിവച്ചു. പൊലീസ് ചോര്‍ത്തിയത് അതിനുവേണ്ടി മോഷ്ടിച്ചു സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പന നടത്താന്‍ ഭാര്യയുടെ സഹായം തേടി നാട്ടിലേക്ക് വിളിച്ച ഫോണ്‍ കോളാണ്. ഇയാളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചത് സിറ്റി പൊലീസ് കമ്മിഷണര്‍ പ്രകാശ് രൂപീകരിച്ച പ്രത്യേക സ്‌ക്വാഡിന്റെ ചുമതലയുള്ള അസി.കമ്മിഷണര്‍ ശിവസുതന്‍ പിള്ള , സി.ഐ ബിനുശ്രീധര്‍, എസ്.ഐ ഗോപകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ്. എറണാകുളത്ത് ഭാര്യയെ കാണാന്‍ ട്രെയിനിറങ്ങിയ ഉടന്‍ പൊലീസ് ഇയാളെ പിടികുടുകയായിരുന്നു.

 

സൗന്ദര്യത്തിന് കുങ്കുമപ്പൂസേവ ശീലമാക്കിയ കള്ളന്‍

പതിനായിരങ്ങള്‍ വില മതിക്കുന്ന കുങ്കുമപ്പൂവിന്റെ പായ്ക്കറ്റുകള്‍ ഇയാളുടെ പക്കല്‍ കണ്ട് പൊലീസ് അന്തം വിട്ടു. പരസ്ത്രീ ബന്ധത്തില്‍ തല്‍പ്പരനായ ഇയാള്‍ സൗന്ദര്യ വര്‍ദ്ധനവിനും അംഗപുഷ്ടിക്കുമായി കുങ്കുമപ്പൂവ് പാലില്‍ ചേര്‍ത്ത് പതിവായി കഴിച്ചിരുന്നു. 25 മോഷണങ്ങളാണ് കൊല്ലം ഈസ്റ്റ്, കൊട്ടാരക്കര, കിളികൊല്ലൂര്‍, കുണ്ടറ, തമിഴ്‌നാട്ടിലെ തേനി, കമ്പം, നാഗര്‍കോവില്‍ തുടങ്ങിയ ഇടങ്ങളിലായി ഇയാള്‍ നടത്തിയത്. അന്വേഷണ സംഘം കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ്. 2014 ഫെബ്രവരിയില്‍ ബലാല്‍സംഗക്കേസിലെ ശിക്ഷ കഴിഞ്ഞ് ജയില്‍ മോചിതനായ ഇയാള്‍ കൊല്ലം കടപ്പാക്കടയിലെ സൂപ്പര്‍മാര്‍ക്കറ്റ്, ഗ്യാസ് ഏജന്‍സി എന്നിവിടങ്ങളില്‍ ലക്ഷക്കണക്കിന് രൂപയുടെ കവര്‍ച്ചയാണ് നടത്തിയത്.

കടപ്പാട് : കൌമുദി

shortlink

Related Articles

Post Your Comments

Related Articles


Back to top button