തിരുവനന്തപുരം : ബാര്‍ കോഴ കേസില്‍ തീരുമാനമായാല്‍ പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മന്ത്രിയാകാന്‍ തയാറാകുമെന്ന് മുന്‍ ധനമന്ത്രി കെ.എം മാണി. ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ നേരിന്റെ തെളിവാണ്. സത്യം തെളിയിച്ചുകൊണ്ട് മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരുന്നകാര്യം പാര്‍ട്ടിതലത്തിലാണ് ആലോചിച്ച് തീരുമാനിക്കേണ്ടത്. അതിനാല്‍ പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുയെന്നും കെ.എം.മാണി പറഞ്ഞു.
മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് ബുധനാഴ്ചയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി ആര്. സുകേശനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോടതി ഇന്നു റിപ്പോര്‍ട്ട് പരിഗണിക്കാനിരിക്കെയാണ് മാണിയുടെ പ്രതികരണം. തുടരന്വേഷണത്തില്‍ കോഴ ആരോപണം സംബന്ധിച്ചു തെളിവുകളൊന്നും ലഭിച്ചില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണു വിജിലന്‍സ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments