India

ഐ.എസില്‍ ചേരാനെത്തിയ നാല് ഇന്ത്യന്‍ യുവാക്കള്‍ സിറിയയില്‍ പിടിയില്‍

ന്യൂഡല്‍ഹി: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനെത്തിയ നാല് ഇന്ത്യന്‍ യുവാക്കള്‍ സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ പിടിയിലായി. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ സിറിയന്‍ ഭരണകൂടം ഇന്ത്യന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ത്രിദിന സന്ദര്‍ശനം നടത്തുന്ന സിറിയന്‍ ഉപപ്രധാനമന്ത്രി വാഹിദ് അല്‍ മൗലമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

ഐ.എസില്‍ ചേരുന്നതിനായി ജോര്‍ദ്ദാനില്‍ നിന്ന് സിറിയയിലേക്ക് കടക്കുന്നതിനിടെയാണ് ഇന്ത്യന്‍ നാല് യുവാക്കളെ സിറിയ കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ പേരോ, സ്ഥലമോ, പിടികൂടിയ തീയതിയോ വ്യക്തമാക്കാന് വാഹിദ് അല്‍ മൗലം തയ്യാറായില്ല.

ഡിസംബറില്‍ ഐ.എസില്‍ ചേരാന്‍ പോയ മൂന്നു യുവാക്കളെ നാഗ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടിയിരുന്നു.

2014 ജൂണില്‍ ഇറാഖി നഗരമായ മൊസൂളില്‍ നിന്നും ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി ബന്ധികളാക്കിയ 39 ഇന്ത്യന്‍ തൊഴിലാളികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ താന്‍ നിസഹായനാണെന്നും സിറിയന്‍ വിദേശകാര്യമന്ത്രി കൂടിയായ മൗലം വ്യക്തമാക്കി.

ഇവര്‍ ഇറാഖി സേനയുടെ കസ്റ്റഡിയില്‍ ആണെങ്കില്‍ അവരെ മോചിപ്പിക്കാന്‍ ശ്രമിക്കാമെന്നും മറിച്ച് ഇപ്പോഴും അവര്‍ ഐ.എസിന്റെ കസ്റ്റഡിയിലാണെങ്കില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മൗലം പറഞ്ഞു.

shortlink

Post Your Comments


Back to top button