India

പത്താന്‍കോട്ട് ആക്രമണം: ഭീകരര്‍ 24 മണിക്കൂര്‍ മുന്‍പ് വ്യോമത്താവളത്തിലെത്തി

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ 24 മണിക്കൂര്‍ മുന്‍പ് തന്നെ വ്യോമത്താവളത്തില്‍ പ്രവേശിച്ചതായി ദേശിയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കണ്ടെത്തി. ഒരു ദിവസം ഇവിടെ കഴിഞ്ഞ ഭീകരര്‍ ഭക്ഷണം കഴിച്ചതായും ഉറങ്ങിയതായും എന്‍.ഐ.എ കണ്ടെത്തി.

മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസ് വിഭാഗത്തിന്റെ ഉപയോഗശൂന്യമായ സാധനങ്ങള്‍ ഷെഡാണ് ഭീകരര്‍ താവളമാക്കി മാറ്റിയത്. ഷെഡിന്റെ പൂട്ട്‌ പൊളിച്ചാണ് സംഘം അകത്തുകടന്നത്. ഇവിടെ എന്‍.ഐ.എ നടത്തിയ പരിശോധനയില്‍ ഭീകരര്‍ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഷെഡില്‍ സൂക്ഷിച്ചിരുന്ന ഫര്‍ണിച്ചറുകളും മറ്റു വസ്തുക്കളും നീക്കി കിടക്കാന്‍ സൗകര്യം ഒരുക്കിയതായും അന്വേഷണസംഘം കണ്ടെത്തി.

ഷെഡിന് സമീപം കാവല്‍ ഇല്ലായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് ഈ ഭാഗത്തേക്ക് വരാറില്ലായിരുന്നു. ഈ വിവരം ഭീകരര്‍ക്ക്‌ നേരത്തെ ചോര്‍ന്നുകിട്ടി എന്നതിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. നേരത്തെ വ്യോമത്താവളത്തിലെ ഫ്ലഡ് ലൈറ്റുകള്‍ തിരിച്ചുവച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ജനുവരി 2 ന് പുലര്‍ച്ചെ 3.30 വരെ ഇവിടെ ഒളിച്ചിരുന്ന ശേഷമാണ് ഭീകരര്‍ ആക്രമണം തുടങ്ങിയത്. എന്നാല്‍ ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ്‌ ഭീകരര്‍ വ്യോമത്താവളത്തില്‍ പ്രവേശിച്ചതെന്നാണ് വ്യോമസേനയുടെ നിലപാട്. ഭീകരര്‍ക്ക്‌ ഉള്ളില്‍ നിന്ന് സഹായം ലഭിച്ചുവെന്ന നിഗമനത്തില്‍ ദേശിയ അന്വേഷണ ഏജന്‍സി എത്തിയിരിക്കെയാണ് വ്യോമസേന നിലപാട് വ്യക്തമാക്കിയത്.

അതേസമയം, പാക്‌ അധീന കശ്മീരിലെ ഭീകരര്‍ക്ക്‌ ചൈനീസ്‌ സഹായം ലഭിക്കുന്നുണ്ടെന്ന സംശയത്തിന് ബലമേകുന്ന തെളിവുകള്‍ പത്താന്‍കോട്ട് നിന്നും ലഭിച്ചു. വ്യോമത്താവളത്തിന് പുറത്തുനിന്നും ചൈനീസ്‌ നിര്‍മ്മിത വയര്‍ലെസ് ദേശിയ അന്വേഷണ ഏജന്‍സി കണ്ടെത്തി. വാഹനത്തില്‍ നിന്നാണ് വയര്‍ലെസ് കണ്ടെത്തിയത്. പിടിച്ചെടുത്ത വയര്‍ലെസ് സെറ്റ് ഫോറന്‍സിക് പരിശോധനകള്‍ക്കായി ചണ്ഡിഗഡിലെ കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചിരിക്കുകയാണ്. നേരത്തെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ചൈനീസ്‌ നിര്‍മ്മിത ഡ്രോണ്‍ തകര്‍ന്നുവീണിരുന്നു.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള എസ്പി സല്‍വീന്ദര്‍ സിംഗിനെ തുടര്‍ച്ചയായി മൂന്നാം ദിനവും ചോദ്യം ചെയ്തു. മൊഴിയിലെ പൊരുത്തക്കേടുകളെത്തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ നീളുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button