India

ഇന്ത്യ-നേപ്പാള്‍ ഭൂഗര്‍ഭപാളികളില്‍ വിള്ളല്‍ ; വന്‍ ഭൂകമ്പത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

നേപ്പാള്‍ ഭൂകമ്പത്തെ തുടര്‍ന്ന് ഇന്ത്യ-നേപ്പാള്‍ ഭൂഗര്‍ഭത്തില്‍ ഉണ്ടായ വിള്ളലുകള്‍ മറ്റൊരു ഭൂകമ്പത്തിനു കാരണമാകുമെന്ന് ഗവേഷകരുടെ നിഗമനം. യുകെയിലെ സെന്റര്‍ ഫോര്‍ ദ് ഒബ്‌സര്‍വേഷന്‍ ആന്‍ഡ് മോഡലിങ് എര്‍ത്ത് ക്വേക്‌സ്, വോള്‍ക്കാനോസ് ആന്‍ഡ് ടെക്ടോനിക്‌സ് (കോമറ്റ്) നടത്തിയ പഠനം നേച്ചര്‍ ജിയോസയന്‍സ് ജേണലിലാണു പ്രസിദ്ധീകരിച്ചത്. വിള്ളലുണ്ടാകാത്ത ഭാഗം ഇന്ത്യ-നേപ്പാള്‍ ഭൗമാന്തര്‍ഭാഗത്തു കടുത്ത മര്‍ദം ഉണ്ടാക്കുന്നുണ്ട്. ഇത് വൈകാതെ മറ്റൊരു ഭൂകമ്പത്തിനു കാരണമായേക്കുമെന്നാണു പഠനത്തിലെ കണ്ടെത്തല്‍.

കാഠ്മണ്ഡുവിന്റെ ഭൗമോപരിതലത്തില്‍ നിന്നു 11 കിലോമീറ്റര്‍ താഴെവരെയാണു വിള്ളലുള്ളത്. ഇതുമൂലം അതിനു മുകളിലേക്കുള്ള ഭാഗങ്ങളില്‍ ഭൗമപാളികളുടെ കടുത്ത മര്‍ദം സംഭവിക്കുന്നുണ്ട്. ഇതാണു മറ്റൊരു ഭൂകമ്പസാധ്യത ഉയര്‍ത്തുന്നത്. ഭൗമപാളികള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന കടുത്ത മര്‍ദമാണു ഭൂചലനത്തിനു കാരണം. ഇന്ത്യ-നേപ്പാള്‍ ഭൗമപാളികളുടെ കൂട്ടിയിടിമൂലം ഹിമാലയം കുറേശ്ശെ ഉയരുകയും ചെയ്യുന്നു. ഇതാണു നേപ്പാളിന്റെ ഭൗമാന്തര്‍ഭാഗത്തെ പ്രശ്‌നമേഖലയാക്കുന്നതെന്നും പഠനം കണ്ടെത്തുന്നു.

കൂട്ടിയിടിമൂലം ഭൗമോപരിതലത്തില്‍നിന്ന് 20 കിലോമീറ്റര്‍ താഴെ ഭൗമപാളികളില്‍ ഒരു ചെരിവുണ്ടായിട്ടുണ്ട്. ഭൗമപാളിയിലെ വിള്ളലുകള്‍ കഠ്മണ്ഡുവിന്റെ ഭൗമോപരിതലത്തില്‍നിന്ന് 11 കിലോമീറ്റര്‍ താഴെ എത്തി നിലച്ചു. ഇത് കഴിഞ്ഞ ഏപ്രിലിലെ ഭൂകമ്പത്തിനു ശേഷമാണുണ്ടായത്. സാധാരണനിലയില്‍ ഒരു നൂറ്റാണ്ടിനുശേഷമോ മറ്റോ ഉണ്ടാകേണ്ടത് ഏതാനും വര്‍ഷങ്ങള്‍ക്കകമോ ദശകങ്ങള്‍ക്കകമോ സംഭവിച്ചേക്കാമെന്നാണു നിഗമനം. ഭൗമോപരിതലത്തോടു ചേര്‍ന്ന ഭാഗമായതിനാല്‍ ഭൂചലനങ്ങള്‍ ശക്തിയേറിയതാകും. കഴിഞ്ഞ ഏപ്രിലിലെ നേപ്പാള്‍ ഭൂകമ്പത്തിനുശേഷം ഹിമാലയം 60 സെന്റിമീറ്റര്‍ താഴ്ന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

 

 

shortlink

Post Your Comments


Back to top button