ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാഹോറില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ തേടുന്ന കുപ്രസിദ്ധ അധോലോക നായകനും മുംബൈ സ്ഫോടനക്കേസ് പ്രതിയുമായ ദാവൂദ് ഇബ്രാഹിമും ഷെരീഫിനെ സന്ദര്‍ശിച്ചതായി വെളിപ്പെടുത്തല്‍. ഐ.ബി.എന്‍ സെവന്‍ ചാനലാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
റഷ്യന്‍-അഫ്ഗാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴിയാണ് മോദി അപ്രതീക്ഷിതമായി ലാഹോറില്‍ ഇറങ്ങിയത്. പിറന്നാള്‍ ആഘോഷിക്കുന്ന ഷെരീഫിനും പിറ്റേന്ന് വിവാഹിതയാകുന്ന ഷെരീഫിന്റെ കൊച്ചുമകള്‍ക്കും ആശംസകളും സമ്മാനങ്ങളും നേര്‍ന്നാണ് മോദി മടങ്ങിയത്. ലഹോറിലെത്തിയ പ്രധാനമന്ത്രിയെ ഷെരീഫ് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. പിന്നീട് യാത്രയയ്ക്കാനും ഷെരീഫ് എത്തിയിരുന്നു.
മോദി മടങ്ങിയത്തിന്റെ പിറ്റേന്ന് റായ് വിന്ദ് കൊട്ടാരത്തില്‍ നടന്ന വിവാഹ ചടങ്ങിലാണ് ദാവൂദ് ഇബ്രാഹിം പങ്കെടുത്തത്. ഒരു പ്രമുഖ ഇന്ത്യന്‍ വ്യാവസായിയും ദാവൂദിനൊപ്പം ഉണ്ടായിരുന്നതായും ഐ.ബി.എന്‍ സെവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദാവൂദ് ഒരു ചടങ്ങില്‍ പങ്കെടുക്കുമെന്ന വിവരം നേരത്തെ ചോട്ടാ ഷക്കീലില്‍ നിന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ദാവൂദിന്റെ വിവാഹ വാര്‍ഷികമാണ് അതെന്നാണ് ലഭിച്ച വിവരം.
പത്താന്‍കോട്ട് ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പാകിസ്ഥാന്‍ ആവര്‍ത്തിക്കുമ്പോഴും അവരുടെ ഉദ്ദേശശുദ്ധിയ്ക്ക് മേല്‍ സംശയമുണര്‍ത്തുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Post Your Comments