ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി ഭാരതീയ ധര്‍മജനസേന (ബി.ഡി.ജെ.എസ്)യുടെ പ്രഥമ പ്രസിഡന്റായി തുഷാർ വെള്ളാപ്പള്ളിയെ തെരഞ്ഞെടുത്തു. പാർട്ടിയുടെ കോർ കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം. യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിനെ ഉപാധ്യക്ഷനായും തെരെഞ്ഞെടുത്തു. സെക്രട്ടറിമാരായി കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി ബാബു, സുഭാഷ് വാസു എന്നിവരെ തിരഞ്ഞെടുത്തു. എ.ജി തങ്കപ്പനാണ് ട്രഷറർ. 15 അംഗ സെന്‍ട്രല്‍ കമ്മറ്റിയെയാണ് തെരഞ്ഞെടുത്തത്. വെള്ളാപ്പള്ളി നടേശനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 14 ജില്ലകളിലേക്കുമുള്ള പ്രസിഡന്റുമാരെ വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യമനുസരിച്ചാകും തീരുമാനിക്കുക. താത്ക്കാലിക കമ്മിറ്റിയെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമത്വ മുന്നേറ്റ യാത്രയുടെ സമാപനസമ്മേളനത്തിലാണ് വെള്ളാപ്പള്ളി നടേശൻ പുതിയ പാർട്ടി പ്രഖ്യാപിച്ചത്. എസ്.എൻ.ഡി.പിയ്ക്ക് പുറമേ യോഗക്ഷേമ സഭ, കെ.പി.എം.എസ് ഔദ്യോഗിക പക്ഷം, പാണർ സമാജം, പട്ടികജാതി/ പട്ടികവർഗ കോഓർഡിനേഷൻ കമ്മിറ്റി എന്നിവരാണ് പാർട്ടിയിലെ മുഖ്യ സഖ്യ സംഘടനകൾ.
Post Your Comments