ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയ ജെയ്ഷേ മൊഹമ്മദ് ഭീകരരെത്തിയത് ഒരു യുദ്ധം ലക്ഷ്യമിട്ടെന്ന് സൂചന. ആക്രമണം നടന്ന വ്യോമത്താവളത്തിൽ സൈന്യം നടത്തിയ തിരച്ചിലിൽ വൻ ആയുധ സന്നാഹവും നിരോധിത തീവ്രവാദ സംഘടന ജെയ്ഷേ മൊഹമ്മദിന്റെ കുറിപ്പുകളും കണ്ടെത്തി. ഇതില്‍ നിന്നാണ് യുദ്ധം ലക്ഷ്യമിട്ടാണ് ഇവരെത്തിയതെന്ന നിഗമനത്തില്‍ എത്തിയത്.
559 റൗണ്ട് വെടിവയ്ക്കാൻ കഴിയുന്ന 7.62 മില്ലിമീറ്ററിന്റെ വെടിയുണ്ടകൾ, നാല് എ.കെ 47 തോക്കുകൾ, വെടിയുണ്ടകൾ സൂക്ഷിക്കുന്ന 30 മാഗസിനുകൾ എന്നിവ ഉള്‍പ്പടെ 29 തരം വസ്തുക്കളാണ് തെരച്ചിലില്‍ കണ്ടെത്തിയത്. ജെയ്ഷേ മൊഹമ്മദിന്റെ പ്രചോദന മുദ്രാവാക്യങ്ങളാണ് കടലാസ്സില്‍ ഉണ്ടായിരുന്നത്. ഗ്രനേഡ് ലോഞ്ചർ കൂടാതെ മൂന്ന് പിസ്റ്റളുകൾ, ഏഴ് മാഗസിനുകൾ, 47 വെടിയുണ്ടകൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഗ്രനേഡുകള്‍ സേന നിയന്ത്രിത സ്ഫോടനത്തിലൂടെ നശിപ്പിച്ചു. ഇതിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ഉറവിടം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് സൈന്യം.
ദിവസങ്ങള്‍ നീളുന്ന പോരാട്ടത്തിനുള്ള തയ്യാറെടുപ്പുകളുമായാണ് ഭീകരരെത്തിയത്. കണ്ടെത്തിയ അടിയന്തര വൈദ്യസഹായത്തിനുള്ള സന്നാഹങ്ങളും സാങ്കേതിക ഉപകരണങ്ങളും ഇതിന് തെളിവാണ്. വയർ കട്ടർ, പ്ലെയർ, വലിയ കത്തി, മൾട്ടി ടൂൾ ബോക്സ്, ടേപ്പ്, കത്തി ഉറ, ഫസ്റ്റ് എയ്ഡ് ബോക്സ്, നാല് വേദനസംഹാരി ഇൻജക്ഷൻ, സിറിഞ്ച്, ഐ ഡ്രോപ്പ്, ഏഴ് വേദനസംഹാരി ഗുളികകൾ, തൊണ്ടയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കുള്ള 21 ഗുളികകൾ, രണ്ട് ബാൻഡേജുകൾ, രണ്ട് കുപ്പി ബെറ്റാഡിൻ, തോളിൽ തൂക്കാവുന്ന രണ്ട് ബാഗുകൾ, ബൈനോക്കുലർ, ഒരു മൊബൈൽ ഫോൺ, രണ്ട് കീറിയ 500 രൂപ നോട്ടുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങുകയാണ് ഇന്ത്യന്‍ സൈന്യം. ഇതിനായി ബ്ലാക്ക് കോർണ്ണർ നോട്ടീസ് നല്‍കും. ആക്രമണത്തിന്റെ പിന്നിലെ ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയവരെ കണ്ടെത്താൻ ബ്ലൂ കോർണ്ണർ നോട്ടീസ് നൽകാനുമാണ് സൈന്യത്തിന്റെ തീരുമാനം.
Post Your Comments