ഇന്ന് വിവേകാനന്ദ ജയന്തി. വിവേകാനന്ദ വചനങ്ങൾക്ക് ഏറെ പ്രസക്തിയുള്ള കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്.
വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. സ്വാമി വിവേകാനന്ദൻ. രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ് അദ്ദേഹം.ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ ശേഷിയുള്ളവയായിരുന്നു വിവേകാനന്ദ സ്വാമികളുടെ പല പ്രബോധനങ്ങളും. വിവേകാനന്ദന്റെ ആവിർഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു.
സന്യാസിയാകുന്നതിനു മുൻപ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു സ്വാമികളുടെ പേര്. കൊൽക്കത്തയിലെ ഉത്തര ഭാഗത്തെ സിംല എന്ന പട്ടണത്തിലെ ഒരു സമ്പന്ന കുടുംബത്തിൽ നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്ന വിശ്വനാഥ് ദത്തയുടെയും വിദ്യാസമ്പന്നയും പുരാണ പണ്ഡിതയും ആയ ഭുവെനേശ്വരിയുടെയും പത്തു സന്താനങ്ങളിൽ ആറാമത്തെ സന്താനമായാണ് ജനനം.1863 ജനുവരി 12 തിങ്കളാഴ്ചയാണ് സ്വാമികൾ ജനിച്ചത്. നരേൻ, നരേന്ദ്രൻ എന്നോക്കെ അടുപ്പമുള്ളവർ വിളിച്ച ആ കുട്ടി, ധൈര്യവും ദയയും ഹൃദയത്തിലേറ്റി വളർന്നു. കുട്ടികാലത്തു തന്നെ ഈശ്വരനെ കാണണമെന്ന ആഗ്രഹം കലശലായ നരേന്ദ്രൻ അതിനായി ശിവനെ ധ്യാനിക്കുകയും ഏകാഗ്രമായ ധ്യാനം സ്വായത്തമാക്കുകയും ചെയ്തു.
1884-ൽ നരേന്ദ്രന്റെ പിതാവ് മരിച്ചു. ആറേഴംഗങ്ങളുള്ള കുടുംബത്തിന്റെ ഭാരം നരേന്ദ്രനിലായി. ഒരു തൊഴിൽ തേടി നരേന്ദ്രൻ അലഞ്ഞു, സമ്പാദ്യങ്ങളൊന്നും ഇല്ലായിരുന്നതിനാൽ കുടുംബം പട്ടിണിയിലായി. കിട്ടിയ തൊഴിലുകൾ ഒന്നും കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ഉതകില്ലായിരുന്നു. കുടുംബാംഗങ്ങളെല്ലാം തന്നെ ഈശ്വരനെ പഴിക്കാൻ തുടങ്ങി. നരേന്ദ്രനിൽ ഈശ്വരവിശ്വാസത്തിന്റെ അടിത്തറപാകിയ മാതാവു പോലും ഈശ്വരനെ നിന്ദിക്കാൻ തുടങ്ങിയപ്പോൾ, പട്ടിണിയും കഷ്ടപ്പടും ഈശ്വരനുണ്ടെങ്കിൽ എന്തിന് സൃഷ്ടിച്ചു എന്ന് നരേന്ദ്രൻ ചിന്തിക്കാൻ തുടങ്ങി.പ്രശ്നപരിഹാരത്തിനായി ശ്രീരാമകൃഷ്ണനടുത്തെത്തിയ നരേന്ദ്രനോട് കഷ്ടപ്പാട് മാറാൻ പ്രാർത്ഥിക്കാനാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ അതിനായി കാളീ ക്ഷേത്രത്തിലെത്തിയ നരേന്ദ്രനു ‘ഭക്തി നൽകിയാലും, അറിവു നൽകിയാലും, വൈരാഗ്യം നൽകിയാലും’ എന്നു മാത്രമേ പ്രാർത്ഥിക്കാൻ കഴിഞ്ഞുള്ളു. നരേന്ദ്രനിൽ സന്തുഷ്ടനായ ഗുരു, കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ മാറാൻ അനുഗ്രഹം നൽകിയത്രെ.
1886-ൽ ശ്രീരാമകൃഷ്ണ പരമഹംസൻ സമാധിയായി, നരേന്ദ്രനും മറ്റുള്ളവരും ചേർന്ന് ഗുരുവിനെ ഗംഗാതീരത്ത് സംസ്കരിച്ചു. ഗുരുവിന്റെ ആശയങ്ങളും ഉപദേശങ്ങളും പ്രചരിപ്പിക്കണമെന്ന് നരേന്ദ്രന്റെ നേതൃത്വത്തിൽ ശിഷ്യന്മാർ തീരുമാനമെടുത്തു. ശ്രീരാമകൃഷ്ണ ഭക്തനായിരുന്ന സുരേന്ദ്രനാഥ ദത്തയുടെ സാമ്പത്തിക സഹായത്തോടെ കൊൽക്കത്തക്കടുത്ത് വരാഹനഗരം എന്ന ഒരു ചെറുപട്ടണത്തിൽ ഒരു പഴയ കെട്ടിടം വാടകക്കെടുത്ത് ആദ്യത്തെ ശ്രീരാമകൃഷ്ണാശ്രമം തുടങ്ങി. അതിനു ശേഷം ലൗകിക ബന്ധങ്ങൾ പൂർണ്ണമായി വെടിഞ്ഞ് ആശ്രമത്തിനായി ജീവിക്കാൻ തീരുമാനിച്ചു.
പല വിപ്ലവകരമായ തീരുമാനങ്ങളും എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സ്വാമികൾ പല രാജ്യങ്ങളിലും പല നാടുകളിലും വിശ്രമമില്ലാതെ സഞ്ചരിക്കുകയും ആശയങ്ങള പ്രചരിപ്പിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം 39- മതെ വയസ്സിൽ സമാധിയായി.
Post Your Comments