Kerala

മെഡിക്കല്‍ കോളേജ് ആശുപത്രി വരാന്തയില്‍ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി വരാന്തയില്‍ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. നാവായികുളം ജലജാ മന്ദിരത്തില്‍ രാധിക(42)യാണ് കൊല്ലപ്പെട്ടത്. രാധികയെ ഭര്‍ത്താവ് ജയകുമാര്‍(45) കല്ലുകൊണ്ട് ഇടിച്ചാണ് കൊലപ്പെടുത്തിയത്.

രാധികയെ കൊന്ന ശേഷം കല്ല് ഉപയോഗിച്ച് തലയ്ക്കിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജയകുമാറിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.45ഓടെയായിരുന്നു സംഭവമുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ രാധിക ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ചായകുടിക്കാനെന്ന പേരില്‍ രാധികയെയും കൂട്ടി ഇയാള്‍ പുറത്തേക്ക് പോവുകയായിരുന്നെന്ന് ആശുപത്രി അധികൃതരും മറ്റ് രോഗികളും പറഞ്ഞു.

കോഫി ഷോപ്പിലെ വരാന്തയില്‍ ഇരുന്ന് ചായ കുടിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കുപിതനായ ജയകുമാര്‍ നിലത്ത് കിടന്ന തറയോട് എടുത്ത് ഭാര്യയുടെ തലയ്ക്കടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ രാധികയെ സംഭവം കണ്ട് നിന്നവര്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പിന്നീട് ജയകുമാര്‍ കല്ലുകൊണ്ട് തലയ്ക്കിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇത് തടഞ്ഞ് സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും കൂടി ഇയാളെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

shortlink

Post Your Comments


Back to top button