Kerala

ഡ്രൈവര്‍ മദ്യപിച്ച് വണ്ടിയോടിച്ചാല്‍ ഇനി ബസ് കസ്റ്റഡിയിലെടുക്കും

കോട്ടയം : ഡ്രൈവര്‍ മദ്യപിച്ച് വണ്ടിയോടിച്ചാല്‍ ഇനി ബസ് കസ്റ്റഡിയിലെടുക്കാന്‍ നടപടി. മദ്യപിച്ച് വണ്ടി ഓടിയ്ക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് നടപടി ശക്തമാക്കുന്നത്. മദ്യപിച്ച് ബസ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള രണ്ടാംഘട്ട നടപടിയാണിതെന്നും ട്രാഫിക് പോലീസ് പറഞ്ഞു.

ഡ്രൈവര്‍ മദ്യപിച്ചുവെന്ന് കണ്ടെത്തിയാല്‍ ഇനി ബസ് കൂടി പിടിച്ചെടുക്കും. മദ്യപിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യം നല്‍കി വിട്ടയയ്ക്കും എന്നാല്‍ ബസ് വിട്ടുകൊടുക്കില്ല. ബസ് കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കാനാണ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ദിവസം പിടികൂടിയ രണ്ട് ബസുകള്‍ വിട്ടുകൊടുത്തിട്ടില്ല.

വെള്ളിയാഴ്ച പിടികൂടിയ ബസുകള്‍ കോടതി നടപടികളില്‍ കുരുങ്ങിക്കിടക്കുകയാണ്. ഇന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമേ ബസ് വിട്ടുകൊടുക്കൂ. ബസ് ജാമ്യത്തില്‍ എടുക്കാന്‍ ഉടമ തന്നെ നേരിട്ട് ഹാജരകുകയും വേണം. മദ്യപിച്ച് ബസ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ പിഴയും താക്കീതും അടക്കമുള്ള നടപടികള്‍ പരാജയപ്പെട്ടതോടെയാണ് ബസ് പിടിച്ചെടുക്കുന്ന നടപടിയിലേക്ക് പോലീസ് കടന്നത്.

shortlink

Post Your Comments


Back to top button