കൊല്ലം: മര്‍ദ്ദനമേറ്റ ആദിവാസി ഡ്രൈവറുടെ മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയില്‍ ബഹളവും.
സോയില്‍ സര്‍വ്വേ ഓഫീസിലെ ഡ്രൈവറായ കെ.വി ഷാജിയുടെ മകള്‍ ഷാനി(19)യാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഷാജിയെ കഴിഞ്ഞ ചൊവ്വാഴ്ച ഡ്യൂട്ടിക്കിടെ കാര്‍ തടഞ്ഞുനിര്‍ത്തി രണ്ടുപേര്‍ മര്‍ദ്ദിച്ചിരുന്നു. തലയ്ക്കടിയേറ്റ ഇയാള്‍ ചികില്‍സയിലാണ്. ജാമ്യമില്ലാ വകുപ്പായിട്ടുകൂടി പ്രതികള്‍ക്ക് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ജാമ്യം ലഭിച്ചത് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതില്‍ പരാതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഷാനിയും മൂത്ത സഹോദരി ശാമിലിയും ശനിയാഴ്ച രാവിലെ പോയി.
ഇതിനിടയില്‍ ശാരീരികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞതിനാല്‍ ഷാനിയെ താമസിക്കുന്ന തേവള്ളി എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിലാക്കി സഹോദരി പുറത്തുപോയി. ഈ സമയത്താണ് ഷാനി തൂങ്ങിമരിച്ചത്. പത്ത് മണിക്ക് ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനും മറ്റുമായി പണം വേണമെന്ന് മോര്‍ച്ചറി ജീവനക്കാരന്‍ ആവശ്യപ്പെട്ടതായി ഷാനിയുടെ പിതാവ് ആരോപിച്ചു.
എന്നാല്‍ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സിന് നല്‍കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലായിരുന്നു കുടുംബം. പണം നല്‍കാന്‍ വിസമ്മതച്ചതിനാല്‍ മൃതദേഹം തിരുവനന്തപുരം മെഡി.കോളേജിലേക്ക് കൊണ്ടുപോവണമെന്നും അതിന് 10,000 രൂപ വേണ്ടിവരുമെന്നും അറിയിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ശാമിലി മൊഴി നല്‍കിയെന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞത്. എന്നാല്‍ ഇത്തരത്തിലൊരു പരാതി ആരും പറഞ്ഞിട്ടില്ലെന്ന് ഷാനിയുടെ ബന്ധുക്കള്‍ പറഞ്ഞു.
മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാകാന്‍ വൈകിയതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കഴിയാഞ്ഞതെന്നും ഞായറാഴ്ച ആംബുലന്‍സില്‍ സൗജന്യമായി തിരുവനന്തപുരത്തെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും ആര്‍.എം.ഒ ഡോ.എസ്.അനില്‍ കുമാര്‍ പറഞ്ഞു.
Post Your Comments