ദിബ്രുഗഡ്: അസമിലെ ദിബ്രുഗഡ് ജില്ലയിലെ ഛാബുവ വ്യോമതാവളത്തിന് സുരക്ഷ ശക്തമാക്കി. ഭീകരാക്രമണമുണ്ടായേക്കാം എന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണിത്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ഏജന്‍സികള്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് പൊലീസ് സൂപ്രണ്ട് ബിക്രം ഗഗോയ് പറഞ്ഞു.
അപ്രതീക്ഷിത സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ പൊലീസും കരസേനയും വ്യോമസേനയും സുരക്ഷകര്‍ശനമാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷയുടെ ഭാഗമായി വ്യോമതാവളത്തില്‍ വിവിധ ജോലികള്‍ക്കായി പ്രവേശിക്കുന്ന സാധാരണ ജോലിക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇവരെ വ്യോമതാവളത്തില്‍ പ്രവേശിപ്പിക്കുന്നുള്ളൂ.
ഇന്ത്യന്‍ വ്യോമസേനയുടെ സുപ്രധാന താവളങ്ങളിലൊന്നാണ് ഛാബുവ. സുഖോയ്-30 എം.കെ.ഐ, ചേതക് ഹെലികോപ്റ്ററുകള്‍ മുതലാ വിമാനങ്ങളും ഇവിടെയുണ്ട്. 1939 ല്‍ നിര്‍മ്മിച്ച വ്യോമതാവളം വഴിയാണ് അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വ്യോമമാര്‍ഗ്ഗം സൈനികരെ എത്തിക്കുന്നത്.
Post Your Comments