നാഗവല്ലിയുടെ ശബ്ദത്തിനുടമ ഭാഗ്യലക്ഷ്മി അല്ലെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ഫാസില്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ മണിച്ചിത്രത്താഴില്‍ നാഗവല്ലിക്ക് ശബ്ദമേകിയത് തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗയാണെന്ന് ഫാസില്‍.ഒരു വാരികക്ക് കൊടുത്ത പംക്തിയിലൂടെയാണ് ഫാസിൽ ഇത് വെളിപ്പെടുത്തിയത്.മണിച്ചിത്രത്താഴില്‍ നാഗവല്ലിക്ക് ശബ്ദം നല്‍കിയത് ആരെന്നതില്‍ വലിയ ആശക്കുഴപ്പം പ്രേക്ഷകര്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആയിരുന്നു. അതുകൊണ്ട് തന്നെ ഭാഗ്യലക്ഷ്മിയാണ് ഈ ശബ്ദത്തിന്റെ ഉടമയെന്നായിരുന്നു എല്ലാവരും കരുതിയത്.
ശോഭനക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ പുരസ്‌കാരവും നേടിക്കൊടുത്ത ചിത്രമാണ് മണിച്ചിത്രത്താഴ്. വിടമാട്ടേന്‍ എന്ന് തുടങ്ങുന്ന നാഗവല്ലിയുടെ സംഭാഷണം ആയിരുന്നു അതിലെ ഹൈ ലൈറ്റ്. ഫാസിലിന്റെ വിശദീകരണം ഇങ്ങനെ “ശോഭനയ്ക്ക് വേണ്ടി ഭാഗ്യലക്ഷ്മിയാണ് ഡബ്ബ് ചെയ്തത്. നാഗവല്ലിയുടെ തമിഴ് ഡയലോഗും ആദ്യം ഭാഗ്യലക്ഷ്മിയാണ് സ്വരം മാറ്റി ഡബ്ബ് ചെയ്തത്. പക്ഷേ പിന്നീട് ശേഖര്‍ സാറിനും കൂട്ടര്‍ക്കും മലയാളം,തമിഴ് സ്വരങ്ങള്‍ തമ്മില്‍ ചില ഇടങ്ങളില്‍ സാമ്യം തോന്നിച്ചു. അതുകൊണ്ട് തമിഴിലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗയാണ് നാഗവല്ലിയുടെ പോര്‍ഷന്‍ പിന്നീട് ഡബ്ബ് ചെയ്തത്. അന്നത് ഭാഗ്യലക്ഷ്മിയോട് പറയാന്‍ വിട്ടുപോയി. ഏറെക്കാലം ഭാഗ്യലക്ഷ്മി ധരിച്ചുവച്ചിരുന്നത് തമിഴിലെ ഡയലോഗും താന്‍ തന്നെയാണ് ഡബ്ബ് ചെയ്ത് എന്നാണ്.”
ഫാസിലിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് എഫ് എം ചാനലായ റേഡിയോ മാംഗോയിലൂടെ ദുര്‍ഗ തന്റെ ആഹ്ലാദവും അറിയിച്ചു. ഇത്രയും വര്‍ഷം ഇക്കാര്യത്തില്‍ താന്‍ നിരാശയായിരുന്നു. സംവിധായകന്‍ തന്നെ അംഗീകരിച്ച് രംഗത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് ദുര്‍ഗ പറയുന്നു.
Post Your Comments