ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ പുതിയ പൊട്ടിത്തെറി. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈനിക നീക്കം നടന്നുവെന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ മനീഷ് തിവാരിയുടെ വെളിപ്പെടുത്തലാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അതേസമയം കോണ്‍ഗ്രസ് നേതൃത്വം ഇതിനോട് മൗനം പാലിക്കുകയാണ്.
തിവാരിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നും അനവാശ്യ വിവാദങ്ങളുണ്ടാക്കാന്‍ മാത്രമേ ഇതുകൊണ്ട് സാധിക്കൂ എന്നും പി.സി.ചാക്കോ പ്രതികരിച്ചു. നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ട് അന്ന് തന്നെ നിഷേധിക്കപ്പെട്ടിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അട്ടിമറിക്ക് കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കളുടെ അറിവുണ്ടായിരുന്നു എന്നായിരുന്നു അന്ന് വന്ന റിപ്പോര്‍ട്ട്.
അതിനിടെ തിവാരിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ രംഗത്തെത്തി. അസ്വാഭാവികമായി അന്ന് രാത്രി എന്തോ സംഭവിച്ചെന്നും അത് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. യുപിഎ ഭരണകാലം മുഴുവന്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് ബി.ജെ.പിയും പ്രതികരിച്ചു.
Post Your Comments