Kerala

പി.ജയരാജന് വീണ്ടും സിബിഐ നോട്ടീസ്

കണ്ണൂര്‍ : സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് വീണ്ടും സിബിഐ നോട്ടീസ്. കതിരൂര്‍ മനോജ് വധക്കേസിലാണ് ജയരാജന് സിബിഐ നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച തലശേരി ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ഹാജരാകാനാണ് നിര്‍ദേശം.

കേസില്‍ മുന്‍കൂര്‍ജാമ്യം തേടിയുള്ള ജയരാജന്റെ ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. കേസില്‍ ജയരാജന്‍ പ്രതിയല്ലെന്ന സിബിഐയുടെ വാദം കണക്കിലെടുത്തായിരുന്നു ഇത്. ഇത്തവണ ചോദ്യം ചെയ്യലിന് ജയരാജന്‍ ഹാജരാകുമെന്നാണ് സൂചന. കഴിഞ്ഞ തവണ നോട്ടീസ് നല്‍കിയെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ പി. ജയരാജന് ഹാജരായിരുന്നില്ല. തുടര്‍ന്നാണ് സിബിഐ നാലാം തവണ നോട്ടീസ് അയക്കുന്നത്.

കേസില്‍ ഒരു തവണ തിരുവനന്തപുരത്തു വച്ചു ജയരാജനെ സിബിഐ ചോദ്യം ചെയ്തിരുന്നു. ചില രേഖകള്‍ ഹാജരാക്കാമെന്ന് അന്നു ജയരാജന്‍ സമ്മതിച്ചിരുന്നതായും എന്നാല്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, കയ്യിലില്ലാത്ത രേഖകള്‍ ഹാജരാക്കാനാണു സിബിഐ ഉദ്യോഗസ്ഥര്‍ തന്നോട് ആവശ്യപ്പെട്ടതെന്നു ജയരാജന്‍ പറഞ്ഞു. 2014 സെപ്റ്റംബര്‍ ഒന്നിനാണു മനോജ് വധിക്കപ്പെട്ടത്.

shortlink

Post Your Comments


Back to top button