ലണ്ടന്‍: സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകളിലേക്ക് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വെബ്സൈറ്റ്. നേതാജി മരിച്ചതെന്ന് കരുതുന്ന തായ്വാനിലെ വിമാനാപകടത്തിന്റെ ദൃക്സാക്ഷികളുടേതെന്ന് പറയുന്നവരുടെ മൊഴികളാണ് വെബ്സൈറ്റ് പുറത്തുവിട്ടത്.
WWW.bosefiles.info എന്ന സൈറ്റാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. 70 വര്‍ഷമായി നിലനില്‍ക്കുന്ന ദുരൂഹതകള്‍ക്ക് അന്ത്യം കുറിക്കുന്നതാണ് തങ്ങളുടെ വെളിപ്പെടുത്തല്‍ എന്നാണിവരുടെ അവകാശവാദം. 1945 ഓഗസ്റ്റ് 18ന് ജാപ്പനീസ് എയര്‍ഫോഴ്സ് ബോംബര്‍ വിമാനം വിയറ്റ്നാമിലെ ടൊറേനില് നിന്ന് പുറപ്പെട്ടു. ഹെയ്തോ-തായ്പേയ്-ഡയ്റെന്‍- ടോക്കിയോ എന്നിങ്ങനെയായിരുന്നു യാത്ര പ്ലാന്‍ ചെയ്തിരുന്നത്. നേതാജിക്കൊപ്പം ജപ്പാന് കരസേനയിലെ ലഫ്.ജനറല്‍ സുനാമാസ ഷിദെയും മറ്റ് പന്ത്രണ് പേരും ഉണ്ടായിരുന്നു.
എന്നാല്‍ പുറപ്പെട്ട് നിമിഷങ്ങള്‍ക്കകം വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഗ്രൗണ്ട് എഞ്ചിനീയറായ ക്യാപ്റ്റന്‍ നകാമുറയടക്കമുള്ള ദൃക്സാക്ഷികള്‍ പറയുന്നു. പീരങ്കിയൊച്ച പോലെയാണ് പൊട്ടിത്തെറി ശബ്ദം തോന്നിയതെന്ന് നേതാജിയുടെ സഹയാത്രികനായിരുന്ന കേണല്‍ ഹബീബുര്‍ റഹ്മാന് പറഞ്ഞെന്നും വെബ്സൈറ്റ് പുറത്തുവിട്ട മൊഴിയില്‍ പറയുന്നു.
അതേസമയം വെളിപ്പെടുത്തലിന്റെ ആധികാരികതയെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാരോ മറ്റ് ഔദ്യോഗിക കേന്ദ്രങ്ങളോ പ്രതികരിച്ചിട്ടില്ല.
Post Your Comments