ന്യൂഡല്‍ഹി : ഇന്ത്യയെ പരിഹസിച്ച് ജയ്‌ഷെ മുഹമ്മദിന്റെ ശബ്ദരേഖ. പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ജയ്‌ഷെ മഹമ്മദ് ഇന്ത്യന്‍ സൈന്യത്തെ പരിഹസിച്ചാണ് ശബ്ദസന്ദേശം പുറത്തിറക്കിയത്. ജനുവരി രണ്ടിനാണ് ഏഴു സൈനികരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം പത്താന്‍കോട് വ്യോമസേനാ താവളത്തില്‍ നടന്നത്.
പത്താന്‍കോട്ട് ആക്രമണം നടത്തിയത് ഏത്ര പേരാണെന്നുപോലും സ്ഥിരീകരിക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ലെന്നും, ആദ്യം ആറ് മുജാഹിദീനുകളാണ് ആക്രമിച്ചതെന്ന് പറഞ്ഞു. പിന്നീട് അത് അഞ്ചാക്കി. ഒടുവില്‍ നാലെന്നു പറഞ്ഞു. ഭീരുക്കളേപ്പോലെ കണ്ണീരൊഴുക്കുകയാണ് ഒരു രാജ്യമെന്നും സന്ദേശത്തില്‍ പരിഹസിക്കുന്നു.
വ്യോമസേനാ താവളത്തിലെ ആക്രമണത്തെ ‘സ്വര്‍ഗീയം’ എന്നാണ് ശബ്ദ സന്ദേശത്തില്‍ വിശേഷിപ്പിച്ചത്. ചാവേര്‍ ആക്രമണത്തിലൂടെ രാജ്യത്തെ കണ്ണീരണിയിക്കാന്‍ സാധിച്ചെന്നും മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശത്തില്‍ വ്യക്തമാക്കുന്നു. പാകിസ്ഥാന്‍ നേതാക്കള്‍ ഇന്ത്യക്കു മുന്നില്‍ മുട്ടുമടക്കരുത്. എന്തിനാണ് ഇന്ത്യക്കു മുന്നില്‍ പാകിസ്ഥാന്റെ വിലകുറയ്ക്കുന്നതെന്നും സന്ദേശത്തില്‍ ചോദിക്കുന്നു. ഇന്ത്യ നല്‍കുന്ന തെളിവുകള്‍ പാകിസ്ഥാന്‍ സ്വീകരിക്കരുതെന്നും സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മലയാളി കമാന്‍ഡോ ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്റെയും ഷൂട്ടര്‍ ഫത്തേ സിംഗിന്റെയും മരണത്തെയും സന്ദേശത്തില്‍ അപമാനിക്കുന്നുണ്ട്
യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും ജയ്ഷ് ഇ മുഹമ്മദാണ് പിന്നിലെന്ന് ഇന്ത്യ തുടക്കത്തിലേ കണ്ടെത്തിയിരുന്നു. പത്താന്‍കോട് വ്യോമസേനാ താവളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുന്നതിനു തൊട്ടുമുമ്പാണ് ജയ്‌ഷെ മുഹമ്മദ് സന്ദേശം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതെന്നതും ശ്രദ്ധേയമാണ്.
Post Your Comments