Women

പെണ്‍ ദിനങ്ങൾ പറയുന്നത്

ശ്രീപാർവ്വതി

ഹൈസ്കൂള്‍ ക്ലാസ്സിന്‍റെ മരവിപ്പുകളിലൊന്നിലാണ്, കൂട്ടുകാരികളില്‍ ഒരാള്‍ ഒരിക്കല്‍ നിലവിളിച്ചത്. മുറിവില്ലാതെയൂര്‍ന്നു പോകുന്ന ചുവന്ന മോഹങ്ങള്‍ കണ്ട് അവളോടൊപ്പം ഞാനും പകച്ചിരുന്നു. അരൂപിയോട് ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ പോലും ഉത്തരമില്ലാത്ത തേങ്ങലുകള്‍ കേട്ട പോലെ.അടിവസ്ത്രങ്ങള്‍ നനഞ്ഞു തുടങ്ങുമ്പോള്‍ അമ്മമാരേ ഓര്‍ക്കണമെന്ന് ക്ലാസിലെ ടീച്ചറോ അമ്മയോ പറഞ്ഞു പഠിപ്പിച്ചതുമില്ലല്ലോ.
നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു…
കണ്ണുകള്‍ ഇടയ്ക്കൊക്കെ ചുവന്നു…
എങ്കിലും സമ്മാനമായി കിട്ടിയ സ്വര്‍ണ കമ്മലിലും സില്‍ക്ക് പാവാടയിലും ഞാനേറെ മോഹിച്ചു വശായിരുന്നു.
കണ്ണുകള്‍ കണ്ട് “ഹാ ഇപ്പോള്‍ കുട്ടി സുന്ദരിയായിരിക്കുന്നല്ലോ” എന്നു പറഞ്ഞ അമ്മയുടെ പെണ്‍ സുഹൃത്തിനെ നോക്കി നാണിച്ചു നിന്നു…
ഞാന്‍ എന്തിനു നാണിക്കുന്നു? ഇത്രനാളില്ലത്ത എന്തോ ഒന്ന് കൂടുതല്‍ എന്‍റെ ശരീരത്തില്‍ എന്താണുണ്ടായത്… എനിക്ക് മനസ്സിലായില്ല.
പൊതിക്കെട്ടിന്‍റെ അസ്വസ്ഥതകള്‍ സമ്മാനിക്കുന്ന ക്ഷീണം ഇല്ലാതെയകാന്‍ ഞാനാഗ്രഹിച്ചില്ല.
സ്ഥിരമായി കയറുന്ന വിഗ്രഹങ്ങളുള്ള വിളക്കു മുറിയില്‍ എനിക്ക് നിഷേധിക്കപ്പെട്ട പ്രവേശനം ഒരു തെമ്മാടിയേ പോലെ ഞാന്‍ രഹസ്യമായി എതിര്‍ത്തു. ഒരിക്കല്‍ സ്വപ്നത്തില്‍ വന്ന് ഈശ്വരന്‍റെ മുഖമുള്ളയാള്‍ അതീവ ദേഷ്യത്തോടെ എന്നെ നോക്കുന്നതു വരെ.

അതിനു ശേഷമുള്ള എന്‍റെ സ്വപ്നങ്ങളില്‍ ഇടയ്ക്കിടയ്ക്ക് ആ മുഖമുള്ളതു പോലെ…
ആഴങ്ങളിലേയ്ക്ക് ഞാന്‍ എടുത്തെറിയപ്പെടുന്നു…
തലച്ചോര്‍ ഇളകി മറിയുന്നു
ഭാരമില്ലാത്തതു പോലെ പറന്നുയരുന്നു…
അവിടെ എവിടെയോ വച്ചാണ്, അരൂപിയെ വീണ്ടും ഞാന്‍ കേട്ടു തുടങ്ങുന്നത്.
പതിഞ്ഞ സ്വരത്തില്‍ ഉള്ളില്‍ നിന്ന് അരൂപി വീണ്ടും എന്നോട് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
സഹപാഠികള്‍ പറയുന്ന ശരീരമെന്ന അസ്വസ്ഥതകളെ മനസ്സിന്‍റെ മൂലയില്‍ നിര്‍ത്തി മനസ്സെന്ന കണ്ടെത്തലിലേയ്ക്ക് അരൂപി പറഞ്ഞിട്ടാണ്, ഞാന്‍ ഇറങ്ങി നടന്നത്.
കണ്ണാടിയ്ക്കു മുന്നില്‍ നിന്ന് നഗ്നമായ എന്‍റെ ശരീരത്തെ കാണുവാനല്ല, അതിനുള്ളിലേയ്ക്ക് ഇറങ്ങി മുങ്ങിയുണരുന്ന മാന്ത്രിക വിദ്യ പഠിക്കാനാണ്, അരൂപി പറയുന്നത്.
ഏകാന്തതയില്‍ നിന്ന് മനസ്സിലേയ്ക്കുള്ള ദൂരം കുറവാണത്രേ.

“ഞാന്‍ യാത്ര തുടങ്ങാന്‍ പോവുകയാണ്.”

പച്ച പുറം ചട്ടയുള്ള ആ ഡയറിയിലെ ആദ്യ വരികളില്‍ തളര്‍ന്നു വീഴുകയായിരുന്നു.
നെഞ്ച് പിന്നെയും മിടിയ്ക്കുന്നു ആ ദിനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതു പോലെ.
അരൂപിയെ കൂടുതല്‍ കേള്‍ക്കാനെന്ന പോലെ വീണ്ടും വീണ്ടും ഏകാന്തതയിലേക്ക് ഞാന്‍ മടങ്ങിക്കൊണ്ടിരുന്നു.

shortlink

Post Your Comments


Back to top button