ന്യൂഡല്‍ഹി : പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണം നടത്തുന്നതിനിടയില്‍ ഭീകരര്‍ വാഹനം തട്ടിയെടുത്ത ഗുര്‍ദാസ്പൂര്‍ മുന്‍ എസ് പി സല്‍വീന്ദര്‍ സിങിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സാധ്യത. മൊഴിയിലെ വൈരുദ്ധ്യം കണക്കിലെടുത്താണ് നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്.
പത്താന്‍കോട്ടെ ആരാധനാലയത്തില്‍ താന്‍ സ്ഥിരം സന്ദര്‍ശകനാണെന്നും ആരാധനാലയത്തില്‍ പോയി തിരികെ വരുമ്പോഴാണ് ഭീകരര്‍ വാഹനം തട്ടിയെടുത്തതെന്നുമായിരുന്നു എസ്.പിയുടെ മൊഴി. എന്നാല്‍ ഇത് ആരാധനാലയ അധികൃതര്‍ നിഷേധിച്ചതോടെയാണ് നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ ആലോചിക്കുന്നത്. പത്താന്‍കോട്ട് വ്യോമതാവളത്തിന് തൊട്ടടുത്തുവരെ ഭീകരര്‍ എസ്.പിയുടെ വാഹനത്തിലാണ് എത്തിയത്.
എസ്പിയെ നുണപരിശോധനയ്ക്കായി ഡല്‍ഹിയിലോ ബംഗളൂരുവിലോ കൊണ്ടുപോകാനാണ് തീരുമാനമെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. എന്നാല്‍ ഇതിനോട് എസ്.പി യോജിച്ചോയെന്ന് വ്യക്തമല്ല. താന്‍ നിരപരാധിയാണെന്നും ഭീകരരുടെ കയ്യില്‍ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നുമാണ് സല്‍വിന്ദര്‍ സിംഗിന്റെ വാദം.
അതേസമയം സിംഗിനെ ഇതുവരെ സസ്‌പെന്റു ചെയ്തിട്ടില്ലെന്ന് പഞ്ചാബ് ഡി.ജി.പി സുരേഷ് അറോറ അറിയിച്ചു. എസ്പിയുടെ സ്വകാര്യ വാഹനത്തില്‍ നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചിരുന്നെന്നും ഇത് നിയമവിരുദ്ധമാണെന്നും ബീക്കണ്‍ ലൈറ്റ് ഉള്ളതിനാലാണ് ഭീകരര്‍ക്ക് ചെക്ക് പോയിന്റുകളിലൂടെ സുഗമമായി സഞ്ചരിക്കുന്നതിന് സാധിച്ചതെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments