Business

ആഗോള സാമ്പത്തിക രംഗം: ഇന്ത്യന്‍ കുതിപ്പ് തുടരുമെന്ന് ലോകബാങ്ക്

വാഷിംഗ്ടണ്‍: ലോകസാമ്പത്തികരംഗത്തെ പ്രകാശ കേന്ദ്രമായി ഇന്ത്യ തുടരുമെന്ന് ലോക ബാങ്ക്. ഇന്ത്യ 2016-17-ല്‍ 7.8 ശതമാനം സാമ്പത്തിക വളര്‍ച്ച നേരിടുമെന്നും ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇന്ത്യ സാമ്പത്തിക വളര്‍ച്ചയില്‍ ഒന്നാമതായി തുടരുമെന്നാണ് ലോകബാങ്കിന്റെ ഗ്ലോബല്‍ എക്കണോമിക് പ്രോസ്‌പെക്ട് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആഭ്യന്തര നയങ്ങളില്‍ വന്ന പരിഷ്‌ക്കാരമാണ് ഇതിന് കാരണമെന്നും ലോകബാങ്ക് വിലയിരുത്തുന്നു. ഇന്ത്യയുടെ ഈ പ്രകടനം തെക്കേ ഏഷ്യക്ക് മൊത്തത്തില്‍ ഗുണകരമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സര്‍ക്കാരിന്റെ പരിഷ്‌ക്കരണ നയങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാത്തതിലുള്ള ആശങ്കയും റിപ്പോര്‍ട്ട് പങ്കുവെയ്ക്കുന്നുണ്ട്. ഊര്‍ജ്ജ മേഖലയിലെ പരിഷ്‌കരണങ്ങള്‍ വന്‍ മാറ്റമാണുണ്ടാക്കിയത്. ഈ വര്‍ഷം 7.8 ശതമാനം വളര്‍ച്ച നേരിടുന്ന ഇന്ത്യ അടുത്ത രണ്ട് വര്‍ഷം 7.9 ശതമാനം വളര്‍ച്ചയിലേക്കെത്തുമെന്നാണ് ലോകബാങ്കിന്റെ നിഗമനം. എന്നാല്‍ 2016-ല്‍ 6.7 ശതമാനം വളര്‍ച്ച നേടുന്ന ചൈന അടുത്ത രണ്ട് വര്‍ഷങ്ങളില്‍ അത് കുറഞ്ഞ് 6.5 ശതമാനത്തിലെത്തുമെന്നും ലോകബാങ്ക് കണക്കുകൂട്ടുന്നു.

മറ്റ് വികസിത രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സ്ഥിരവും ദൃഢതയുള്ളതുമാണെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.

shortlink

Post Your Comments


Back to top button