India

തോല്‍ക്കാന്‍ മനസില്ല ; ഭീകരരുടെ തോക്കില്‍ നിന്നും ആറു വെടിയുണ്ടകള്‍ ഉദരത്തിലേറ്റുവാങ്ങിയ സൈനികന്‍ ജീവന്‍ നിലനിര്‍ത്താന്‍ പോരാടുന്നു

പത്താന്‍കോട്ട് : പത്താന്‍കോട്ട് വ്യോമസേനത്താവളം തകര്‍ക്കാന്‍ ശ്രമിച്ച ഭീകരരെ നേരിടുന്നതിനിടയില്‍ ആറു വെടിയുണ്ടകള്‍ ഉദരത്തിലേറ്റുവാങ്ങിയ സൈനികന്‍ ജീവന്‍ നിലനിര്‍ത്താന്‍ പോരാടുന്നു. ഹരിയാനയിലെ അംബാല സ്വദേശിയായ ശൈലേഷ് എന്ന 24 കാരനായ സൈനികനാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്.

വ്യോമതാവളത്തില്‍ മെക്കാനിക്കല്‍ ട്രാന്‍സ്പോര്‍ട്ട് ഏരിയയില്‍ ഭീകരരുമായി ഏറ്റുമുട്ടുമ്പോഴായിരുന്നു ശൈലേഷിന് വെടിയേറ്റത്. ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ ഗുര്‍സേവക് എന്ന സൈനികനായിരുന്നു ആദ്യം ശൈലേഷിന്റെ ബഡ്ഡി പെയര്‍. ഏറ്റുമുട്ടലിനിടെ ഗുര്‍സേവകിന് മൂന്നു വെടിയുണ്ടകളെറ്റ ഗുര്‍സേവക് പിന്നീട് മരണത്തിനു കീഴടങ്ങി. തുടര്‍ന്ന് കാറ്റല്‍ എന്ന സൈനികനൊപ്പം ഭീകരര്‍ക്കെതിരേ പോരാട്ടം തുടര്‍ന്ന ശൈലേഷിന് വെടിയേല്‍ക്കുകയായിരുന്നു. ആറു വെടിയുണ്ടകളാണ് ശൈലേഷിന്റെ വയറ്റില്‍ തുളച്ചുകയറിയത്. വെടിയേറ്റിട്ടും പോരാട്ടം തുടര്‍ന്ന ശൈലേഷ് ഒരു മണിക്കൂര്‍ നേരത്തേക്കുകൂടി കാറ്റലിനൊപ്പം ഭീകരര്‍ക്കെതിരേ പോരാടി.

ഇതിനിടെ ഭീകരര്‍ മെക്കാനിക്കല്‍ ട്രാന്‍സ്പോര്‍ട്ട് ഏരിയയില്‍നിന്നു കടന്നെങ്കിലും യുദ്ധവിമാനങ്ങള്‍ അടക്കമുള്ളവ സൂക്ഷിച്ചിരിക്കുന്ന ടെക്നിക്കല്‍ ഏരിയയിലേക്കു കടക്കുന്നത് തടയാന്‍ ശൈലേഷ് അടക്കമുള്ള സംഘത്തിനായി. മൂന്നു മണിക്കൂറിനുശേഷം പകരക്കാരന്‍ എത്തിയതിനുശേഷമാണ് ശൈലേഷിനെ ആശുപത്രിയിലേക്കു മാറ്റിയത്.

shortlink

Post Your Comments


Back to top button