കുവൈറ്റ് സിറ്റി: പൊലിസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നഗരഹൃദയമായ ബിനെയ്ദ് അല്‍ ഗാര്‍ പ്രദേശത്ത് അനധികൃത താമസക്കാരായവരടക്കം 3,781 പേര്‍ പിടിയിലായി. ഇത്രയും പേര്‍ പിടിയിലായത് ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ച റെയ്ഡിലാണ്. മയക്കുമരുന്ന്, മദ്യക്കച്ചവടം നടത്തുന്നവര്‍, അനാശാസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവര്‍ എന്നിങ്ങനെ നിരവധി പേരാണ് ബിനെയ്ദ് അല്‍ ഗാറില്‍ നിന്നും പുറത്തേയ്ക്കുള്ള റോഡുകള്‍ പൂര്‍ണ്ണമായും അടച്ചുകൊണ്ട് നടത്തിയ പരിശോധനയില്‍ പിടിയിലായത്. പിടിയിലായവരില്‍ വിവിധ കേസുകളില്‍പ്പെട്ട് പൊലിസിന് പിടികൊടുക്കാതെ ഒളിച്ചു താമസിച്ചിരുന്നവരും നിയമസാധുതയുള്ള താമസാനുമതിരേഖ ഇല്ലാതിരുന്നവരും ഉള്‍പ്പെടും.
പൊലിസ് പരിശോധന നടത്തിയത് കുവൈറ്റ് ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയും താമസസ്ഥലങ്ങളില്‍ കയറിയുമാണ്. ആറായിരത്തോളം വിദേശികള്‍ കഴിഞ്ഞയാഴ്ച കുവൈറ്റിലെ ജലീബ് അല്‍ ഷുയൂഖ്, അര്‍ദിയ തുടങ്ങിയ പ്രദേശങ്ങളില്‍ സമാനമായ രീതിയില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ പിടിയിലായതിനു പിന്നാലെയാണിത്. ഇതോടെ വിവിധ കുറ്റകൃത്യങ്ങളിലായി കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ കുവൈറ്റില്‍ പിടിയിലായ വിദേശികളുടെ എണ്ണം പതിനായിരം കടന്നു. പിടിയിലായവരെ നിയമനടപടികള്‍ക്ക് ശേഷം നാടുകടത്തുകയാണ് ചെയ്യുന്നത്.
Post Your Comments