തിരുവനന്തപുരം : തലസ്ഥാനത്ത് ദുരൂഹ സാഹചര്യത്തില്‍ വൃദ്ധന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. പാളയം സാഫല്യം കോംപ്ലക്സിന് സമീപം വഴി ജൂബിലി ഹോസ്പിറ്റലിലേക്ക് പോകുന്ന റോഡിന് സമീപത്തെ കംഫര്‍ട്ട് ട്രാവല്‍സിന് എതിര്‍വശത്തെ കടവരാന്തയിലാണ് മൃതദേഹം കാണപ്പെട്ടത്. കൊല്ലം സ്വദേശി അഹമ്മദ് ഷെറീഫ് (68)ന്റെ മൃതദേഹമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
കാല് ഒഴികെയുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹത്തിന് സമീപത്ത് നിന്നും ചെരിപ്പ് കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം കണ്ടെങ്കിലും അവ്യക്തത തുടരുകയാണ്. ഭാര്യയും മക്കളുമായി വര്‍ഷങ്ങളായി പിണങ്ങി കഴിയുകയായിരുന്നു ഇദ്ദേഹം. കംഫര്‍ട്ട് ട്രാവല്‍സ്, ഏഷ്യന്‍ ട്രാവല്‍സ് എന്നിവിടങ്ങളിലെ സഹായിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
ട്രാവല്‍സിന് സമീപത്തെ ഒരു കെട്ടിടത്തിലാണ് സുഹൃത്തുക്കളോടൊപ്പം ഇദ്ദേഹം കഴിഞ്ഞ് വന്നിരുന്നത്. ഇന്ന് പുലര്‍ച്ചെ 1.30ന് ഇദ്ദേഹത്തെ കണ്ടുവെന്ന് സമീപവാസികള്‍ പോലീസിനോട് പറഞ്ഞു. ആരോ പണം നല്‍കാനുണ്ടെന്നും ഇതു വാങ്ങി വരാമെന്ന് പറഞ്ഞതായും സമീപവാസികള്‍ പോലീസില്‍ മൊഴി നല്കി. മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് എന്നാണ് പ്രതികരണം. മൃതദേഹം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post Your Comments