തിരുവനന്തപുരം : പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്‌റ്റേഷനില്‍ മരിച്ചു. മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടികൂടിയ ഓട്ടോറിക്ഷ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു. വിളപ്പില്‍ശാല സ്വദേശി സുധീര്‍ഖാന്‍ (40) ആണ് മരിച്ചത്. സംഭവത്തില്‍ നാട്ടുകാര്‍ പൂജപ്പുര പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
തിങ്കളാഴ്ച രാത്രി 9.45-ഓടെയായിരുന്നു വാഹനപരിശോധനക്കിടെ സുധീറിനെ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിന്റെ ഓട്ടോറിക്ഷയില്‍ നിന്നും മദ്യകുപ്പി പോലീസ് കണ്ടെടുത്തിരുന്നു. ബന്ധുക്കളെ വിവരം അറിയിക്കരുതെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുന്‍പ് പല തവണ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് കസ്റ്റഡിയിലായിട്ടുണ്ടെന്നും അന്ന് ബന്ധുക്കള്‍ വന്ന് ജാമ്യത്തിലിറക്കിയിരുന്നുവെന്നും സുധീര്‍ഖാന്‍ പോലീസിനോട് പറഞ്ഞു. എട്ട് മാസമായി താന്‍ മദ്യപാനം നിര്‍ത്തിയിരിക്കുകയായിരുന്നു. പോലീസ് പിടികൂടിയ കാര്യം വീട്ടുകാരെ അറിയിച്ചാല്‍ കുടുംബപ്രശ്‌നം ഉണ്ടാകുമെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
പോലീസ് സ്റ്റേഷനകത്ത് കിടന്ന ഇദ്ദേഹത്തെ രാത്രി 12.30 ഓടെ വിളിച്ചിട്ട് എഴുന്നേറ്റില്ല. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ പോലീസ് കസ്റ്റഡിയില്‍ വച്ച് മര്‍ദനമേറ്റാണ് സുധീര്‍ ഖാന്‍ മരിച്ചതെന്ന് ആരോപിച്ച് നാട്ടുകാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Post Your Comments