അമ്പിളി കമല
കലാമണ്ഡലം ഹൈദരലിയുടെ ഓർമ്മ ദിവസമാണിന്ന്….ഉത്സവങ്ങളുടെ കേളികൊട്ടുയർന്നിരുന്ന ഒമ്പത് വർഷം മുമ്പുള്ള തണുത്ത ധനുമാസ പ്രഭാതമാണ് ഹൈദരലിയുടെ വിയോഗ വാര്‍ത്ത കൊണ്ടുവന്നത്..പാടുവാൻ വസന്തങ്ങൾ ഒരുപാട് ബാക്കി കിടക്കയാണ് “ചാടായി വന്ന ചകടാസുരൻ ” ആ ജീവിതം കവർന്നെടുത്തത്….എത്രയോ കളിയരങ്ങുകളിൽ ഹൈദരലി പാടുന്നത് കേട്ടിരിക്കുന്നു. നളചരിതത്തിലെ “മറിമാൻ കണ്ണി മൗലി ” എന്ന പ്രശസ്ത പദം പലരും പാടി കേട്ടിട്ടുണ്ട്.പക്ഷെ ഈ പദത്തിന്റെ സാമ്പ്രദായിക രീതികളെ എല്ലാം നിരാകരിച്ച് “ദിജാവന്തി”യിൽ ഹൈദരലി പാടുന്നത് മാത്രമാണ് ഇപ്പോഴും ഓർമ്മ വരുന്നത്. .പ്രണയാതുരനായ നളന് വേണ്ടിയും “സുന്ദരി സ്വയംവരം” അറിഞ്ഞു പോകുന്ന ഘടോൽക്കചൻ ക്രുദ്ധനായി “ആരെടാ ശിലയിൽ ശയിപ്പവൻ” എന്ന് അഭിമന്യുവിനോട് ചോദിക്കുന്ന പദവും പാടുന്ന ഹൈദരലിയെ എങ്ങനെ മറക്കാന്‍. …
അവഗണിതാത്മാവായ കർണ്ണനു വേണ്ടി നെഞ്ച് പൊട്ടുന്ന ദു:ഖത്തോടെ പാടുന്നതാണ് എന്നും ഹൈദരലിയുടെ മാസ്റ്റര്‍ പീസ് “കാണുമോ ഞാനവരെ കാണുകയില്ലന്നോ ഹാ ദൈവമേ ദൈവമേ..” താഴ്ന്ന കുലത്തിൽ പിറന്നവൻ ദരിദ്രരാൽ വളര്‍ത്തപ്പെട്ടവർ ഞാനനുഭവിച്ച വ്യഥകള്‍ നിന്ദകൾ അവഗണനകൾ ..ജാതിയുടെ പേരില്‍ അരങ്ങുകളിൽ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ഹൈദരലി ഇവിടെ കർണ്ണനു തുല്യനാകുന്നു …ഹൃദയം തകരുന്ന സങ്കടം കർണ്ണന്റെ അന്തസംഘർഷങ്ങൾ ഹൈദരലി പാടുമ്പോൾ അത് പാട്ടുകാരന്റെ.. സങ്കടം തന്നെയായിരുന്നു…..മതത്തിന്റെ പേരില്‍ പുറത്തു നിർത്തപ്പെട്ടവൻ പാട്ട് കൊണ്ട് പടവുകള്‍ തീർത്ത് ഉന്നത സോപാനങ്ങളിലേക്ക് കയറി വരികയായിരുന്നു..ഒടുവില്‍ യാഥാസ്ഥിതികർക്ക് പോലും തങ്ങളുടെ മനസ്സിലെ കൽമതിൽ കെട്ടുകളും ക്ഷേത്ര വാതിലുകള്‍ പോലും ഹൈദരലിക്ക് വേണ്ടി തുറന്നു കൊടുക്കേണ്ടി വന്നു…പാടുമ്പോൾ ഹൈദരലിക്ക് ഒരു മതമേ ഉണ്ടായിരുന്നുള്ളു.അത് കലയുടെ മാത്രം മതമായിരുന്നു….വീണ്ടുമൊരു ഉൽസവക്കാലം കൂടി. കളിയരങ്ങുകളിൽ പാടാൻ പ്രിയഗായകനായ അങ്ങ് ഇല്ലയെന്ന ദു:ഖം മനസ്സില്‍ ഇപ്പോഴും.. “എന്തിഹ മന്മാനസേ സന്തേഹം വളരുന്നു അംഗേശനാകുമീ ഞാനെങ്ങു പിറന്നവനോ “ഓർമ്മയുടെ കളിയരങ്ങുകളിൽ ഹിന്ദോളമിപ്പോൾ താരസ്ഥായിയിലാണ് ..പ്രിയഗായകന് പ്രണാമം. …….
Post Your Comments