Life StyleHealth & Fitness

ചക്ക…രുചിയില്‍ മുമ്പന്‍….പോഷകത്തിലും

ഷിബു അലക്സാണ്ടർ കോലത്ത്

ഇത് ചക്കക്കാലം. ഒരുകാലത്ത് പാവപ്പെട്ടവന്റെ ആശ്വാസമായിരുന്ന ചക്ക രുചിയില്‍ ഏറെ മുമ്പനാണ്. മാത്രമല്ല ഇന്ന് നമ്മുടെ നാട്ടില്‍ ലഭിക്കുന്ന വിഷമയമില്ലാത്ത ഒരേ ഒരു ഭക്ഷ്യ വസ്തുവാണ് ചക്ക. ആര്‍ക്കും ഒരു വിലയുമില്ലെന്നത് തന്നെയാവാം ചക്കയെ കീടനാശിനിയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ ചക്ക നിസ്സാരക്കാരനല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.
കോപ്ലക്സ് കാര്‍ബോ ഹൈഡ്രേറ്റുകള്‍, നാരുകള്‍, വിറ്റാമിന എ തുടങ്ങിയവ ചക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ടത്രെ. വിറ്റാമിന്‍ സിയുടെയും ഒരു നല്ല ഉറവിടമാണിത്. കൂടാതെ കാല്‍സ്യം, സിങ്ക് , ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ചക്കയിലുണ്ട്. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും ഇതില്‍ അടങ്ങിയിരിക്കുന്നു.

സോഡിയത്തിന്റെ അളവ് കുറവായതിനാല്‍ ചക്ക രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. അല്‍പം പോലും കൊളസ്ട്രോള്‍ ഇല്ലെന്നതാണ് ചക്കയുടെ മറ്റൊരു പ്രത്യേകത. മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് ഇതില്‍ നാരിന്റെ അളവും കൂടുതലാണ്. ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം തടയാനും ഇത് സഹായകമാണ്.
ഇടിച്ചക്ക (വിളയാത്ത ചക്ക)യാണ് വിളഞ്ഞ ചക്കയേക്കാള്‍ പോഷകസമൃദ്ധം. മാത്രമല്ല ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ചക്കയില്‍ കാലറി ധാരാളമായി അടങ്ങിയതിനാല്‍ പ്രമേഹ രോഗികള്‍ ചക്കയും ചോറും ഒരുമിച്ച് കഴിക്കരുത്. പഴുത്ത ചക്കയില്‍ ഗ്ളൂക്കോസ് ഉണ്ടെങ്കിലും വല്ലപ്പോഴും രണ്ടോ മൂന്നോ ചുള കഴിക്കുന്നതില്‍ തെറ്റില്ലെന്നും വിദഗ്ദര്‍ പറയുന്നു.

പ്രായത്തെ ചെറുത്ത് തോല്‍പിക്കാനും നല്ല മരുന്നാണത്രെ ചക്ക.
നമ്മുടെ നാടന്‍ ചക്ക പ്ളാവിനേക്കാള്‍ ഉയരത്തിലുള്ള നേട്ടം കൈവരിക്കുന്നു. യൂറോപ്പില്‍ ചക്കയുടെ മടലും ചവിണിയും കൂടിചേ്ചരുന്ന ഭാഗം പകരക്കാരന്‍ ഇറച്ചി (ഡമ്മി മീറ്റ്) ആയി രൂപാന്തരം പ്രാപിക്കുന്നു. അതായത് കഴിക്കുന്പോള്‍ അപകടം ഏറെയുള്ള ഇറച്ചി വിഭവങ്ങള്‍ അതേ രുചിയിലും രൂപത്തിലും ചക്കമടല്‍ ഉപയോഗിച്ചുണ്ടാക്കാം.
ഇറച്ചി കൂടുതല്‍ കഴിക്കുന്പോള്‍ ഉണ്ടാകുന്ന ജീവിതശൈലീ രോഗങ്ങള്‍ ഒഴിവാക്കാന്‍ ഇറച്ചിയുടെ രുചി സൃഷ്ടിക്കാവുന്ന പകരക്കാരന്‍ വിഭവങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് നമ്മുടെ ചക്കയില്‍ എത്തിയത്. നമ്മള്‍ വെറുതെ കളയുകയും പശുവിനു കൊടുക്കുകയും ചെയ്‌യുന്ന ചക്കയുടെ മടലില്‍ പോലും പോഷക ഗുണം ധാരാളമുണ്ടെന്നു പാശ്ചാത്യര്‍ കണ്ടെത്തിയിരിക്കുന്നു. ചക്ക ശരിക്കും ‘ജാക്ക് ഫ്രൂട്ട് ആയെന്നു സാരം.
അമേരിക്കയിലെ നാടന്‍ വിഭവമായ ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ‘തമാല (ചോളത്തിന്‍റെ ഇലയില്‍ ഇറച്ചിപൊതിഞ്ഞു പുഴുങ്ങിയെടുക്കുന്ന വിഭവം) യില്‍ ഇറച്ചിക്കുപകരം ഇടിച്ചക്ക രംഗപ്രവേശം ചെയ്തതാണ് ചരിത്ര മാറ്റമായത്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ ചക്ക തമാല ലഭിക്കും. പന്നിയിറച്ചിക്കറിക്ക് പ്രസിദ്ധമായ ഷിക്കാഗോയിലും ലൊസാഞ്ചല്‍സിലും ചക്ക പോര്‍ക്ക് ആയാണ് രൂപം മാറിയിരിക്കുന്നത്. അപ്ടണ്‍സ് എന്ന പ്രമുഖ ബ്രാന്‍ഡ് ഈ വിഭവം മാര്‍ക്കറ്റില്‍ ഇറക്കിയിട്ടുണ്ട്.

ചക്കയുടെ ഏറ്റവും മൃദുലമായ മടല്‍ ചെത്തിയെടുത്ത് മീന്‍ നുറുക്കിന്‍റെ രൂപത്തില്‍ മുറിചെ്ചടുത്ത് ചേരുവ ചേര്‍ത്ത് വറുത്തെടുത്ത് കഴിക്കുന്നവരുമുണ്ട്. ന്യൂസിലന്‍ഡ് ആണ് ചക്ക ഡമ്മി മീറ്റ് ആയി ഉപയോഗിക്കുന്ന മറ്റൊരു രാജ്യം. പക്ഷേ നമുക്ക് സന്തോഷിക്കാറായിട്ടില്ല. ഈ രാജ്യങ്ങളിലേക്ക് ചക്ക കയറ്റുമതി ചെയ്‌യുന്നതു മുഴുവന്‍ തായ്ലന്‍ഡിലും ഫിലിപ്പീന്‍സിലും നിന്നാണ്. ചക്കയുടെ പറുദീസ ഇന്ത്യയാണെങ്കിലും ഈ പുതിയ മാര്‍ക്കറ്റ് പിടിചെ്ചടുക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല.
ഇപ്പോള്‍ കേരളത്തില്‍ നിന്ന് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ധാരാളം ചക്ക കയറ്റി അയയ്ക്കുന്നുണ്ട്. അവിടെ വിവാഹ പാര്‍ട്ടികളിലും മറ്റും മുന്‍പന്തിയിലാണ് ചക്കയുടെ സ്ഥാനം. വിദര്‍ഭ, ജലന്തര്‍, മുംബൈ ഇവയൊക്കെ ചക്കയുടെ സാധ്യത നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. 50,000 ടണ്‍ ചക്ക വടക്കേ ഇന്ത്യയിലേക്കു കയറ്റുമതി ചെയ്‌യപ്പെടുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. കേരളത്തില്‍ 500 കോടി രൂപയുടെ ചക്കയെങ്കിലും പാഴാവുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മൂല്യവര്‍ധിത ഉല്‍പന്ന സാധ്യത കൂടി കണക്കാക്കിയാണിത്. എന്നാല്‍ അയല്‍ സംസ്ഥാനമായ ശ്രീലങ്ക ഈ സാധ്യത മുന്‍പേ ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. അരിമരം (റൈസ് ട്രീ) എന്നു പ്ളാവിനെ വിളിക്കുന്ന ശ്രീലങ്കയില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ധാരാളമുണ്ട്. പ്ളാവില കൊണ്ടുള്ള ലഘുവിഭവങ്ങള്‍ വരെ വിപണിയിലുണ്ട്.

ഇടിച്ചക്ക തോരന്‍
ഇപ്പോള്‍ ചക്കയുടെ സീസണ്‍ ആണ് , ചെറിയ ചക്ക ഉപയോഗിച്ച് നമുക്ക്സ്വാദിഷ്ട്ടമായ ഇടി ചക്ക തോരന്‍ ഉണ്ടാക്കാം . ചെറിയ ചക്ക അതിന്റെ മുള്ള് ചെത്തി (പുറത്തെ തൊലി) വൃത്തിയാക്കുക. ചെറുതായി കൊത്തി അരിയുക. കുറച്ചു തേങ്ങ, 2-3 ചെറിയ ഉള്ളി , 3-4 കാന്താരി മുളക് / പച്ചമുളക് , 1 നുള്ള് ജീരകം , 2 അല്ലി വെളുത്തുള്ളി ഇവ ഒന്നിച്ചു അരയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ 1 -2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, അതിലേക്കു അരിഞ്ഞു വെച്ച ചക്ക ഇടുക. അതിനു മേലെ 1-2 നുള്ള് മഞ്ഞള്‍ പൊടിയും കറിവേപ്പിലും ഇടുക. ആവശ്യത്തിനു ഉപ്പു ചേര്‍ക്കുക, എല്ലാം കൂടി ഒന്നിളക്കാം. ശേഷം അരപ്പ് ചേര്‍ത്ത് മൂടി വെച്ച് ചെറിയ തീയില്‍ വേവിക്കുക. ചക്ക വെന്ത ശേഷം നന്നായി ഇളക്കാം. നല്ല രുചിയുള്ള ഇടിചക്ക തോരന്‍ റെഡി.

shortlink

Related Articles

Post Your Comments

Related Articles


Back to top button