തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമായി അഞ്ചുവര്‍ഷത്തിനിടെ ചെലവാക്കിയത് 100 കോടി രൂപ. അറുന്നൂറു പേരിലധികം വരുന്ന മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനു നല്‍കിയ ശമ്പളവും ആനുകൂല്യങ്ങളും കൂടി കണക്കാക്കിയുള്ള ചിലവാണ് ഇത്. ഈ അഞ്ചു വര്‍ഷത്തിനുള്ളില്‍ മന്ത്രിമാര്‍ക്കുവേണ്ടി 25 കോടി രൂപയും, എം.എല്‍.എ.മാര്‍ക്ക് 57.75 കോടി രൂപ യുമാണ് ചെലവഴിച്ചത്.
കെ. വേണുഗോപാല്‍ എന്ന ആള്‍ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കണക്കുകള്‍ പ്രകാരം മന്ത്രിമാരുടെ വിമാനയാത്രയ്ക്ക് ചെലവിട്ടത് 2.75 കോടിയാണ്. അതിഥി സത്കാരം 2 കോടി. വാഹനം വാങ്ങിയ ഇനത്തില്‍ 3 കോടി. വൈദ്യുതി ചെലവ് 1.96 കോടി. എം.എല്‍.എ.മാരുടെ ചികിത്സ 4.49 കോടി രൂപ. മന്ത്രിമാരുടെ ചികിത്സയ്ക്ക് 79 ലക്ഷം രൂപയും ചെലവാക്കി. യാത്രാ ബത്ത ഇനത്തില്‍ ഇവര്‍ തന്നെവാങ്ങിയത് 7.77 കോടി രൂപയാണ്. തോമസ് ചാണ്ടി MLA യുടെ ചികിത്സ ചെലവ് തന്നെ 2 കോടി വരും. മന്ത്രിമാരില്‍ വാഹനങ്ങള്‍ വാങ്ങിയതില്‍ ഒന്നാമത് പി.കെ. ജയലക്ഷ്മിയാണ്. ഇബ്രാഹിം കുഞ്ഞും തിരുവഞ്ചൂരുമാണ് ഇതില്‍ രണ്ടാം സ്ഥാനത്തുള്ളത്. പി.ജെ. ജോസഫ് ആണ് വിമാനയാത്രക്കൂലിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാം സ്ഥാനത്തും.
കെ.എം. മാണിക്കാണ് അതിഥിസത്കാരത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി രണ്ടാം സ്ഥാനത്തുണ്ട്. ഏറ്റവും കുറവ് ഹാജര്‍ നിലയുള്ള എ.കെ. ശശീന്ദ്രനാണ് എം.എല്‍.എ.മാരില്‍ ഏറ്റവും കൂടുതല്‍ യാത്രച്ചെലവ് കൈപ്പറ്റിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Post Your Comments