loka samasthaWriters' Corner

കണ്ണന് പ്രിയതരം ഈ പാൽപ്പായസം.

സ്വാദിഷ്‌ടതകൊണ്ടും പരിപാവനകൊണ്ടും പ്രസിദ്ധമായ ദേവനിവേദ്യം അമ്പലപ്പുഴ പാൽപ്പായസം.

സുജാത ഭാസ്കർ

പ്രസിദ്ധമായ അമ്പലപ്പുഴ പാല്പയാസത്തെ കുറിച്ച് അറിയാം.. ഐതീഹ്യവും ചരിത്രവും ഇങ്ങനെ..പണ്ട്‌ വളരെയധികം സമ്പദ്‌സമൃദ്ധമായ ഒരു രാജ്യമായിരുന്നു അമ്പലപ്പുഴ. എന്നാല്‍ പല പ്രതികൂല സാഹചര്യങ്ങള്‍ കൊണ്ട്‌ നാട്ടിലാകെ വരള്‍ച്ച ബാധിച്ചു. കൃഷിഭൂമികള്‍ വരണ്ടുകീറി. കിണറുകളും കുളങ്ങളും വറ്റിവരണ്ടു. ദാരിദ്ര്യവും പട്ടിണിയുംമൂലം ജനങ്ങളാകെ വശംകെട്ടു. അമ്പലപ്പുഴയിലെ തമ്പുരാന്‌ തന്റെ പ്രജകളുടെ ദുരവസ്ഥ കണ്ടുനില്‍ക്കാനായില്ല. അദ്ദേഹം ഒരു പരദേശി ബ്രാഹ്മണനില്‍നിന്നും കുറേയധികം നെല്ല്‌ കടമായി വാങ്ങിജനങ്ങള്‍ക്കു വിതരണം ചെയ്‌തു. അധികം വൈകാതെ പലിശസഹിതം തിരിച്ചുകൊടുത്തോളാമെന്നായിരുന്നു വ്യവസ്ഥ..എന്നാല്‍ പിന്നീടുള്ള കുറേ വര്‍ഷങ്ങളിലും അമ്പലപ്പുഴയില്‍ അരാജകത്വം തന്നെയായിരുന്നു. പ്രതീക്ഷിച്ചതുപോലെ വിളവുകളൊന്നും കൃഷിയിടങ്ങളിലൂടെ ലഭ്യമായില്ല. അതുകൊണ്ട്‌ മഹാരാജാവിന്‌ തന്റെ നെല്‍ക്കടം വീട്ടാനുമായില്ല. കടം വാങ്ങിയ നെല്ല്‌ പലിശ ചേര്‍ന്ന്‌ വര്‍ദ്ധിക്കുകയും ചെയ്‌തു. കുറേ അവധികള്‍ കേട്ടെങ്കിലും ഒടുവില്‍ പരദേശി ബ്രാഹ്മണന്റെ സ്വഭാവം മാറി. പലിശ ചേര്‍ത്ത്‌ നെല്ലിന്റെ അളവ്‌ മുപ്പത്താറായിരം പറയായതോടെ അയാള്‍ തീര്‍ത്തും കര്‍ക്കശക്കാരനായി മാറി.തനിക്കര്‍ഹതപ്പെട്ട നെല്ല്‌ മുഴുവനും തിരിച്ചുകിട്ടണമെന്നുള്ള വാശിയിലായി പരദേശി ബ്രാഹ്മണന്‍. എങ്കിലും രാജകൊട്ടാരത്തില്‍ കടന്നുചെന്ന്‌ തന്റെ കടം വീട്ടണമെന്ന്‌ രാജാവിനോട്‌ ആവശ്യപ്പെടാന്‍ എന്തുകൊണ്ടോ അയാള്‍ക്കു ധൈര്യം വന്നില്ല. മറ്റേതെങ്കിലും വഴിക്ക്‌ രാജാവിനെ നേരിടാനുള്ള ഉപായങ്ങളിലായി അയാള്‍. അപ്പോഴാണ്‌ തമ്പുരാന്‍ ദിനവും ക്ഷേത്രദര്‍ശനം കഴിഞ്ഞിട്ടേ പ്രാതല്‍ കഴിക്കാറുള്ളു എന്ന വിവരമറിഞ്ഞത്‌. അതൊരു നിവര്‍ത്തിമാര്‍ഗ്ഗമായി കണ്ടെത്തിയ അയാള്‍ അമ്പലപ്പുഴ ക്ഷേത്രത്തിന്റെ മുമ്പിലുള്ള ആല്‍ത്തറയില്‍ പുലര്‍ച്ചെതന്നെ കാത്തിരുന്നു.

പതിവുസമയത്തുതന്നെ ക്ഷേത്രദര്‍ശനത്തിനായി മഹാരാജാവിന്റെ എഴുന്നള്ളത്തുണ്ടായി. എന്നാല്‍ അമ്പലപ്പറമ്പിലേയ്‌ക്കു കടന്നപാടെ അദ്ദേഹത്തിനെ ബ്രാഹ്മണന്‍ തടഞ്ഞു. തന്റെ കടം വീട്ടാതെ തമ്പുരാന്‍ ഒരടിപോലും മുന്നോട്ടുവയ്‌ക്കരുതെന്നായിരുന്നു ബ്രാഹ്മണന്റെ നിര്‍ദ്ദേശം. അങ്ങനെയുണ്ടായാല്‍ അതു സത്യലംഘനവും ധര്‍മ്മലംഘനവുമാകുമെന്ന്‌ ഉദാഹരണസഹിതം സ്ഥാപിച്ചു.തമ്പുരാന്‍ ആകെ വിഷണ്ണനായി. അനുചരന്മാരെക്കൊണ്ട്‌ ബ്രാഹ്മണനെ ഉപദ്രവിക്കാനൊക്കുമെങ്കിലും ബ്രാഹ്മണനെ ഉപദ്രവിക്കാതെ രണ്ടാളും മുഖാമുഖം നോക്കിക്കൊണ്ട്‌ അമ്പലമുഖപ്പില്‍ നില്‍ക്കുകമാത്രമാണുണ്ടായത്‌. അപ്പോഴേയ്‌ക്കും കടക്കെണിയില്‍ കുരുക്കി രാജാവിനെ ഒരാള്‍ തടഞ്ഞുനിര്‍ത്തിയിരിക്കുന്നു എന്ന വിവരം നാടാകെ പരന്നു. നാട്ടുകാര്‍ ഓടിക്കൂടി. ആര്‍ക്കും ഒന്നും പറയാനോ തടയാനോ സാധിച്ചില്ല. എങ്ങും നിശബ്‌ദത.
പെട്ടെന്ന്‌ ഒരിടപ്രഭുവായ പാറയില്‍ മേനോന്‍ അവിടെയെത്തി. അദ്ദേഹം സംഭവങ്ങളെല്ലാം അറിഞ്ഞിട്ടുതന്നെയായിരുന്നു വന്നത്‌. പിറ്റേന്ന്‌ പുലര്‍ച്ചയ്‌ക്കുമുമ്പുതന്നെ മുപ്പത്താറായിരം പറനെല്ലും ക്ഷേത്രനടയില്‍ കൊണ്ടുവന്ന്‌ കൂട്ടിയിടാമെന്ന്‌ അദ്ദേഹം ബ്രാഹ്മണന്‌ ഉറപ്പുകൊടുത്തു. അതില്‍ അയാള്‍ക്കു വിശ്വാസമായി. നിരോധനം പിന്‍വലിച്ചുകൊണ്ട്‌ ബ്രാഹ്മണന്‍ സ്ഥലംവിട്ടു. സ്വന്തം കൈവശമുണ്ടായിരുന്നതും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നെല്ലറകളില്‍നിന്നും ശേഖരിച്ചതുമായ മുപ്പത്താറായിരംപറ നെല്ല്‌ പാറയില്‍ മേനോന്‍ സ്വന്തം വീട്ടുമുറ്റത്ത്‌കുന്നുകൂട്ടി. എന്നിട്ടവ വള്ളങ്ങളിലാക്കി ക്ഷേത്രാങ്കണത്തിലെത്തിച്ചു. സൂര്യോദയസമയത്തുതന്നെ ബ്രാഹ്മണനെ വരുത്തി നെല്ല്‌ അളന്നേല്‍പ്പിച്ചു. ബ്രാഹ്മണന്‌ ബഹുസന്തോഷമായി.

പാറയില്‍ മേനോന്‍ അതിനകം ഒരു കുസൃതി ഒപ്പിച്ചിരുന്നു. ക്ഷേത്രനടയിലെ നെല്ല്‌ ചുമന്നുമാറ്റാന്‍ ഒറ്റയാളുപോലും തുനിയരുതെന്ന്‌ ചുമട്ടുകാരോടൊല്ലാം കര്‍ശനമായി നിര്‍ദ്ദേശിച്ചു. അതിനാല്‍ ആരുംതന്നെ നെല്ലില്‍ തൊടാന്‍ സന്നദ്ധരായില്ല. ബ്രാഹ്മണന്‍ നാടായ നാടെല്ലാം ചുമട്ടുകാരെ തേടി അലഞ്ഞുനടന്നു. ഉച്ചശീവേലിയ്‌ക്കുമുമ്പ്‌ നെല്ല്‌ മുഴുവനും ചുമന്ന്‌ മാറ്റണമെന്ന്‌ ക്ഷേത്രാധികാരികള്‍ കര്‍ശനമായിപറഞ്ഞു. തീര്‍ത്തും ഗതികേടിലായി ബ്രാഹ്മണന്‍. രാജകോപത്തിലും ദൈവകോപത്തിലും അയാള്‍ ഭയപ്പെട്ടു. ഒടുവില്‍ നിവര്‍ത്തിയില്ലാതെ അയാള്‍ ഇരുകൈകളും ചേര്‍ത്ത്‌ നെല്ല്‌ വാരി ക്ഷേത്രനടയില്‍ വച്ചിട്ട്‌ ഇതു മുഴുവനും ഭഗവാനുതന്നെയാകട്ടെ എന്ന്‌ സമര്‍പ്പണം ചെയ്‌തു. അതിനുശേഷം എങ്ങോട്ടെന്നില്ലാതെ നടന്നുപോയി. ബ്രാഹ്മണനാല്‍ സമര്‍പ്പിതമായ നെല്ല്‌ മുഴുവന്‍ എന്തുചെയ്യണമെന്നറിയാതെ ക്ഷേത്രാധികാരികള്‍ അങ്കലാപ്പിലായി. അത്‌ ദേവന്റെ സ്വന്തമായതിനാല്‍ ദേവകാര്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാന്‍ നിവര്‍ത്തിയില്ല.

പ്രശ്‌നപരിഹാരത്തിനായി നാട്ടുപ്രമാണിമാരും രാജപ്രതിനിധികളും ക്ഷേത്രാധികാരികളും ചേര്‍ന്ന്‌ ആചാരാനുഷ്‌ഠാനങ്ങളോടെ ദേവപ്രശ്‌നം നടത്തി. അതില്‍ തെളിഞ്ഞത്‌ നിത്യനിദാനത്തിനായി ഈ നെല്ല്‌ ഉപയോഗിക്കരുത്‌ എന്നായിരുന്നു. ഈ നെല്ല്‌ മുഴുവനും വിറ്റ്‌ പണമാക്കി ആ തുക കൊണ്ട്‌ കുറേ വസ്‌തുവകകള്‍ ദേവന്റെ പേരില്‍ വാങ്ങുകയാണു വേണ്ടത്‌. അവയിലെ ആദായമെടുത്ത്‌ ഒരു ഗോശാല നിര്‍മ്മിച്ച്‌ അതില്‍ പശുക്കളെ സംരക്ഷിക്കണം. നിലങ്ങളില്‍ ചമ്പാവ്‌ നെല്ല്‌ കൃഷി ചെയ്യണം. അതിന്റെ വിളവെടുത്ത്‌ നെല്ല്‌ കുത്തി അരിയാക്കി പശുക്കളുടെ പാലും ചേര്‍ത്ത്‌ പാല്‍പ്പായസമുണ്ടാക്കി നിവേദിക്കണം. അതിനുശേഷം ആ നിവേദ്യം ഭക്തജനങ്ങള്‍ക്കായി ദാനം ചെയ്യണം. കുറേക്കാലങ്ങളിലേക്ക്‌ ആ ആചാരം അങ്ങനെത്തന്നെ നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോഴത്‌ ദാനമാക്കാറില്ല, വിലയ്‌ക്കു കൊടുക്കുകയാണ്‌.

അമ്പലപ്പുഴ പാല്‍പ്പായസം പാകപ്പെടുത്തുന്നതിലുമുണ്ട്‌ ചില സവിശേഷതകള്‍. അരിയും പാലും പഞ്ചസാരയും മാത്രമാണ്‌ പാല്‍പ്പായസത്തിലെ ചേരുവകള്‍. രണ്ടേകാല്‍ ഇടങ്ങഴി അരിയും മുപ്പത്തിമൂന്ന്‌ ഇടങ്ങഴി പാലും ഒമ്പതരകിലോ പഞ്ചസാരയുമാണ്‌ പാല്‍പ്പായസത്തിന്റെ അളവുകൂട്ടുകള്‍. 375 ലിറ്റര്‍ കൊള്ളുന്ന വലിയ വാര്‍പ്പില്‍ വെളുപ്പിന്‌ നാലുമണിക്ക്‌ 132 ഇടങ്ങഴി വെള്ളം ഒഴിച്ച്‌ പാചകം ആരംഭിക്കുന്നു. വെള്ളം തിളച്ചുവറ്റാന്‍ തുടങ്ങുമ്പോള്‍ പാല്‍ ചേര്‍ക്കുന്നു. പത്തേമുക്കാല്‍ മണിവരെ പാല്‍ തിളച്ചുകൊണ്ടിരിക്കും. പത്തേമുക്കാല്‍ മണിക്ക്‌ അരിയിട്ട്‌ മുക്കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ തീ ചെറുതാക്കും. പിന്നെ അടിയില്‍ പിടിക്കാതെ ഇളക്കിക്കൊണ്ടിരിക്കും. തീരെ ചെറിയ തീയില്‍ അരി വെന്തുകഴിയുമ്പോള്‍ പഞ്ചസാര ചേര്‍ത്ത്‌ വീണ്ടും ഇളക്കും. എല്ലാം കൂട്ടിയോജിപ്പിച്ചശേഷം ചൂടോടെതന്നെ ചെറിയ അണ്ടാവുകളിലേയ്‌ക്കു പകര്‍ന്നുകൊണ്ടുപോയി ദേവന്‌ നിവേദിക്കുന്നു. പിന്നീടാണത്‌ വിതരണം ചെയ്യുന്നത്‌.

അതീവരുചികരമാണ്‌ ഈ ദേവനിവേദ്യം. അതിന്റെ രുചിയാസ്വദിച്ച തിരുവിതാംകൂര്‍ മഹാരാജാവ്‌ അമ്പലപ്പുഴയിലെ പാചകക്കാരെ വരുത്തി പാല്‍പ്പായസം പാകം ചെയ്‌തു. എന്നാല്‍ ശരിക്കുള്ള അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ സ്വാദ്‌ അതിനുണ്ടായില്ല. ദേവന്റെ അദൃശ്യസ്‌പര്‍ശനവും അമ്പലപ്പുഴ അടുക്കളയും തിരുവിതാംകൂര്‍ കൊട്ടാരത്തിലില്ലാത്തതിനാലാം ആ രുചി അന്യമായതെന്ന്‌ തമ്പുരാന്‍ തമാശരൂപേണ പറഞ്ഞ്‌ സമാധാനിക്കുകയും ചെയ്‌തു.അമ്പലപ്പുഴ ക്ഷേത്രത്തില്‍ പായസം തയ്യാറാക്കാനായി ഒരു പായസപ്പുരതന്നെയുണ്ട്‌. ഇപ്പോഴും പാല്‍പ്പായസനിവേദ്യം തയ്യാറാക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കേണ്ട സമയമായി എന്നറിയിക്കാനായി വാസുദേവാ എന്ന്‌ ഉച്ചത്തില്‍ ശാന്തിക്കാരന്‍ പായസപ്പുരയില്‍നിന്നുകൊണ്ട്‌ വിളിക്കും. അതു കേള്‍ക്കുന്നപാടെ ജോലിക്കാരന്‍ തെക്കെമഠത്തില്‍നിന്നും(ദേവസ്വം ഓഫീസ്‌) പഞ്ചസാര കൊണ്ടുവരും. അമ്പലപ്പുഴ പാല്‍പ്പായസം സേവിക്കുന്നതിനായി ഗുരുവായൂരപ്പന്‍ എന്നും അമ്പലപ്പുഴ ഉച്ചപൂജയ്‌ക്ക്‌ അവിടെ എത്തുമെന്നാണ്‌ വിശ്വാസം.

അവലംബം: (അമ്പലപ്പുഴ ദേവീക്ഷേത്രം )

shortlink

Related Articles

Post Your Comments

Related Articles


Back to top button