Kerala

ട്രോളര്‍മാര്‍ക്ക് മറുപടിയുമായി തിരുവഞ്ചൂര്‍

തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കേരളത്തില്‍ ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെട്ട മന്ത്രിയെന്ന് എല്ലാവര്‍ക്കും അറിയാം. ഏറ്റവും രസകരമായ കാര്യം ഇതിനു കാരണം മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളല്ല എന്നതാണ്. തിരുവഞ്ചൂരിന് വിനയായത് വാര്‍ത്താ സമ്മേളനത്തില്‍ നാക്ക് പിഴച്ചതാണ്. ഏറ്റവും ഒടുവിലായി പുതുവര്‍ഷാശംസകളുടെ ട്രോളുകളില്‍ പോലും തിരുവഞ്ചൂരിനെ വലിച്ചിഴയ്ക്കുകയാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇത് വല്ലതും അറിയുന്നുണ്ടോ…? എന്താണ് അദ്ദേഹത്തിന് ഇതെല്ലാം കാണുമ്പോള്‍ തോന്നുന്നത്.

ഒടുവില്‍ ട്രോളുകള്‍ക്ക് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് മന്ത്രി തിരുവഞ്ചൂര്‍. വിദ്യാഭ്യാസകാലം കഷ്ടപ്പെട്ടായിരുന്നുവെന്നും ഈ അപമാനിയ്ക്കലിനും ആക്രമണത്തിനും ഒക്കെ ഒരു ചിരി മാത്രമാണ് തന്റെ മറുപടിയെന്നും തിരുവഞ്ചൂര്‍ പറയുന്നു. തിരുവഞ്ചൂരിന് ശരിയ്ക്കും പണി കൊടുത്തത് ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനമാണ്. നസ്രിയയെ ‘നുസ്രിയ നുസീം’ എന്നും ശ്രേയ ഘോഷാലിനെ ‘ശ്രേയ ഘോഷ്‌ലാല്‍’ എന്നും ആണ് തിരുവഞ്ചൂര്‍ വിളിച്ചത്. എന്നാല്‍ മന്ത്രിയുടെ വിശദീകരണം ഇങ്ങനെയാണ്. പരുസ്‌കാര പ്രഖ്യാപനത്തില്‍ പത്ര സമ്മേളനത്തിന് തൊട്ടുമുമ്പാണ് തനിയ്ക്ക് പട്ടിക കിട്ടിയത്. ശരിയ്ക്ക് വായിച്ച് നോക്കാന്‍ പോലും കഴിഞ്ഞില്ല. ഏതോ പുതിയ ഫോണ്ടിലായിരുന്നു അക്ഷരങ്ങള്‍.

ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ മോഹന്‍ലാലിനെ കണ്ണുണ്ണി എന്ന് വിളിച്ചതിനും ഉണ്ട് വിശദീകരണം. ലാലിനോടുള്ള അടുപ്പവും സ്‌നേഹവും കൊണ്ട് കണ്ണിലുണ്ണി എന്ന് പറഞ്ഞ് വന്നപ്പോള്‍ കണ്ണുണ്ണി എന്നായിപ്പോയത്രേ. ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങ് നടത്തിയത് കോട്ടയത്ത് വച്ചാണ്. അന്ന് മന്ത്രിയെ ഇരുത്തിക്കൊണ്ട് തന്നെ കോട്ടയം നസീര്‍ കുറേയേറെ പരിഹസിച്ചുകൊണ്ട് മിമിക്രി നടത്തി. എന്നാല്‍ അത് കണ്ട് സദസ്സിലുണ്ടായിരുന്നവരാരും തന്നെ ചിരിച്ചില്ലല്ലോ എന്നാണ് തിരുവഞ്ചൂരിന്റെ മറുചോദ്യം. സദസ്സിന്റെ നിശബ്ദ പ്രതിഷേധമാണ് കോട്ടയം നസീറിന്റെ പരിപാടി കണ്ട് ആളുകള്‍ ചിരിയ്ക്കാതിരുന്നതെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. പരിപാടിയ്ക്ക് ശേഷം തിരുവഞ്ചൂരിനെ നേരിട്ട് വിളിച്ച് കോട്ടയം നസീര്‍ ക്ഷമ ചോദിച്ചുവെന്നും പറയുന്നു.

സാധാരണക്കാരുടെ പ്രശ്‌നങ്ങളിലേയ്ക്ക് ഇറങ്ങാന്‍ സോഷ്യല്‍ മീഡിയയില്‍ നോക്കിയിരുന്നാല്‍ പറ്റില്ല. തിരുവഞ്ചൂര്‍ പറയുന്നത് അധിക്ഷേപിയ്ക്കുന്ന ചില കാര്യങ്ങള്‍ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നതെന്നാണ്. ഒരുപാട് നല്ല കാര്യങ്ങള്‍ മന്ത്രിയെന്ന നിലയ്ക്ക് ചെയ്തു. പക്ഷേ അതിനൊന്നം ഇതുവരെ ആരും ഒരു ലൈക്കും തന്നില്ല. സാധാരണ മനുഷ്യനുണ്ടാകുന്ന കുറ്റവും കുറവും മാത്രമേ തനിയ്ക്കുള്ളൂ എന്ന് തിരുവഞ്ചൂര്‍ വിശ്വസിയ്ക്കുന്നു. നമ്മുടെ സംസ്‌കാരമാണ് വിമര്‍ശനത്തിന്റെ പരിധി നിശ്ചയിക്കേണ്ടത്. വിമര്‍ശിക്കുന്നവരുടെ സംസ്‌കാരം അവരുടെ പരിധി നിശ്ചയിക്കട്ടെ എന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button