India

സംഭവിക്കുമായിരുന്ന ഒരു മഹാവിപത്ത് സുരക്ഷാസേനയുടെ സമയോചിതവും ആത്മാര്‍ത്ഥവുമായ ഇടപെടല്‍ കൊണ്ട് ഒഴിവായി

പത്താന്‍കോട്ട് : പഞ്ചാബിലെ പത്താൻകോട്ട് വ്യോമസേന കേന്ദ്രത്തിൽ ഭീകരാക്രമണം നടത്തിയ അഞ്ചാമനെയും സുരക്ഷാ സേന വകവരുത്തി. പുലര്‍ച്ചെ മൂന്നരയോടെ നുഴഞ്ഞു കയറിയ ഭീകരർ വലിയ രീതിയിലുള്ള ആക്രമണമായിരുന്നു ലക്ഷ്യമിട്ടത് . എന്നാല്‍ സുരക്ഷാസേനയുടെ സമയോചിതവും ആത്മാര്‍ത്ഥവുമായ ഇടപെടലിലൂടെ സംഭവിക്കുമായിരുന്ന ഒരു മഹാവിപത്ത് ഒഴിവാകുകയായിരുന്നു. ഇനി ആരെങ്കിലും ഒളിച്ചിരുപ്പുണ്ടോ എന്നറിയാന്‍ സുരഷാ സേനയും എന്‍.എസ്.ജിയും തെരച്ചില്‍ തുടരുകയാണ്.

ഭീകരർ വലിയ രീതിയിലുള്ള ആക്രമണം ലക്ഷ്യമിട്ട് ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറിയെന്ന രഹസ്യവിവരം ലഭിച്ചപ്പോള്‍ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നു. അതിർത്തിയിൽ കത്തുവ മേഖലയിലെ ബാമിയാൽ വഴിയാണ് ഭീകരർ നുഴഞ്ഞ് കയറിയതെന്നാണ് കരുതുന്നത്. ഇന്നലെ സ്ഥലത്തെ പോലീസുദ്യോഗസ്ഥന്റെ കാർ തട്ടിയെടുത്ത ഭീകരർ രണ്ട് മണിക്കൂറിനു ശേഷം അത് ഉപേക്ഷിച്ചു .ഇത് അറിഞ്ഞ നിമിഷം തന്നെ സേനയും മറ്റു സുരക്ഷ ഏജന്‍സികളും ഭീകരവിരുദ്ധ ഓപ്പറേഷനും ആരംഭിച്ചു കഴിഞ്ഞിരുന്നു.

ജനവാസ കേന്ദ്രങ്ങളില്‍ ഒളിച്ചിരുന്ന ഭീകരരെ കണ്ടെത്താന്‍ സുരക്ഷാ സേനകള്‍ക്കായില്ല. എന്നാല്‍ ഇവരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് തുണയായി. ജനവാസ കേന്ദ്രങ്ങളില്‍ ഒളിച്ചിരുന്ന ഭീകരര്‍ക്കെതിരെ ഓപ്പറേഷന് മുതിരുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയകുമെന്നതിനാല്‍ ആ നീക്കം സേന ഉപേക്ഷിച്ചു. എങ്കിലും വ്യോമസേന താവളത്തിലെ സുരക്ഷ ശക്തമാക്കുകയും എൻ.എസ് .ജി കമാൻഡോകൾ ഇന്നലെ വൈകിട്ട് തന്നെ പത്താൻകോട്ടിൽ എത്തുകയും ചെയ്തു. അതിനാല്‍ പുലര്‍ച്ചെ 3.30 ന് ഭീകരര്‍ അഴിച്ചുവിട്ട ആക്രമണത്തെ കൃത്യമായി പ്രതിരോധിക്കാനായി.

ഭീകരരെ കൃത്യമായി വളയാൻ കഴിഞ്ഞതാണ് ആക്രമണത്തിന്റെ ഭീകരത കുറച്ചത് . വ്യോമസേന താവളത്തില്‍ കടന്ന് പോര്‍വിമാനങ്ങള്‍ നശിപ്പിക്കാനായിരുന്നു ഭീകരരുടെ പദ്ധതി എന്നായിരുന്നു കരുതുന്നത്. ഇത് തിരിച്ചറിഞ്ഞ സേന പോർവിമാനങ്ങളുടെ മേഖലയിൽ ഭീകരർ എത്താതിരിക്കാനുള്ള നടപടികൾ ഇന്നലെത്തന്നെ സ്വീകരിച്ചിരുന്നു.

ഇന്നലെ വൈകുന്നേരത്തോടെയാണ് ഒളിച്ചിരുന്ന അഞ്ചാമത്തെ ഭീകരനെയും സേന വകവരുത്തിയത്. ആക്രമണത്തില്‍ മൂന്ന് സുരക്ഷാ സേനാംഗങ്ങളെ ഇന്ത്യയ്ക്ക് നഷ്ടമായി. ആക്രമണത്തിന് പിന്നില്‍ നിരോധിത ഭീകര സംഘടനായായ ജെയ്ഷേ മൊഹമ്മദ്‌ ആണെന്ന് വ്യക്തമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button