ന്യൂയോര്‍ക്ക്: തനിക്കൊപ്പമുണ്ടായിരുന്ന യുവതിയെ രക്ഷപ്പെടുത്തിയതിനു ശേഷം സ്റ്റീഫന്‍ ഹെവറ്റ് ബ്രൗണ്‍ എന്ന യുവാവ് മരണത്തെ പുല്‍കി. മരണത്തെ പുല്‍കുന്നതിനു മുമ്പ് ആയിരങ്ങളില്‍ ഒരാളായ ആ നിസ്വാര്‍ത്ഥന്‍ സഹയാത്രികയ്ക്ക് പുതുവത്സരാശംസകളും നേര്‍ന്നു. സ്റ്റീഫന്‍ ഹെവറ്റ് ബ്രൗണ്‍ കഴിഞ്ഞ ദിവസം അമേരിക്കയില്‍ ന്യൂ ഇയര്‍ ആഘോഷത്തിനായി എത്തിയതായിരുന്നു. ലിഫ്റ്റ് അപകടത്തില്‍ പെട്ട് മരണത്തോട് മല്ലടിക്കുന്നതിനിടയില്‍ തനിക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു യുവതിയെ മരണത്തില്‍ നിന്ന് രക്ഷിച്ചിട്ടായിരുന്നു ഇയാളുടെ വിടപറയല്‍. സംഭവം നടന്നത് ന്യൂയോര്‍ക്കിലെ ഒരു 26 നില കെട്ടിടത്തിലായിരുന്നു. ഇവര്‍ കയറിയ ലിഫ്റ്റ് പുതുവര്‍ഷ പിറവിയ്ക്ക് അര മണിക്കൂര്‍ മുമ്പാണ് തകര്‍ന്നു വീണത്.
ആ സമയം ലിഫ്റ്റിനുള്ളില്‍ എറൂഡേ സാഞ്ചസ് എന്ന യുവതിയും ഉണ്ടായിരുന്നു. താഴേയ്ക്ക് വീഴുമ്പോള്‍ തന്നോടൊപ്പം പോരാതെ ബ്രൗണ്‍ യുവതിയെ ലിഫ്റ്റില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ടു. പുതുവര്‍ഷാശംസകള്‍ നേര്‍ന്നു കൊണ്ടാണ് താഴേക്ക് ഊര്‍ന്ന ലിഫ്റ്റില്‍ നിന്നും സാഞ്ചസിനെ ബ്രൗണ്‍ തള്ളി പുറത്തിട്ടത്. ബ്രൗണ്‍ ബ്രോങ്ക്‌സില്‍ നിന്നും പുതുവര്‍ഷ പിറവി ആഘോഷിക്കാനായി എത്തിയതായിരുന്നു. 43 കാരിയായ സാഞ്ചസിനെ തള്ളിപ്പുറത്തേക്ക് ഇട്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ 25 കാരനായ ബ്രൗണ് രക്ഷപ്പെടാന്‍ സമയം കിട്ടിയില്ല. തകര്‍ന്ന ലിഫ്റ്റിനൊപ്പം ഇയാള്‍ താഴേയ്ക്ക് പോകുകയായിരുന്നു. കെട്ടിടത്തിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ അരമണിക്കൂറിനു ശേഷം എത്തിയെങ്കിലും ബ്രൗണിനെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടു വരാന്‍ കഴിഞ്ഞില്ല.
Post Your Comments