Kerala

സിപിഎമ്മിന്റെ യോഗാ പരിശീലനത്തെ പരിഹസിച്ച് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂര്‍ : സി പി എം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് യോഗാ പരിശീലനം നല്‍കാനുള്ള തീരുമാനത്തെ പരിഹസിച്ചുകൊണ്ട് കെ സുരേന്ദ്രന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. കെ സുരേന്ദ്രന്റെ പോസ്റ്റ് ആരംഭിക്കുന്നത് യോഗാ പരിശീലനം നല്‍കാനുള്ള സി പി എം തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടാണ്. ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും മതേതരമായി ആഘോഷിച്ച സിപിഎം ഇതും അങ്ങനെയാക്കുമെന്നാണ് മുരളീധരന്റെ പരിഹാസം. പാര്‍ട്ടി വകയായി വരും നാളുകളില്‍ രാമായണ മാസാചരണവും മുത്തപ്പന്‍ വെള്ളാട്ടും ഗീതാജ്ഞാനയജ്ഞവും ഭാഗവത സപ്താഹവുമൊക്കെ മതേതരം ചേര്‍ത്ത് ആഘോഷിക്കപ്പെടുമെന്നും പ്രത്യാശിക്കുന്നു. ലെനിന്റെ പാര്‍ട്ടി പരിപാടിയില്‍ ഇത്തരം ആഘോഷങ്ങള്‍ പറഞ്ഞിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ മെനക്കടേണ്ടെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നു.

കെ സുരേന്ദ്രന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് യോഗാ പരിശീലനം നല്‍കാനുള്ള കണ്ണൂരിലെ സി പി എം തീരുമാനം സ്വാഗതാര്‍ഹമായ നടപടിയാണെന്ന് പറയാതിരിക്കാന്‍വയ്യ. മതേതര യോഗയാണ് തങ്ങള്‍ സംഘടിപ്പിക്കുന്നതെന്നത്രേ ഔദ്യോഗിക വിശദീകരണം. യോഗക്കും മതേതര സ്വഭാവമുണ്ടെന്ന വസ്തുത ഇപ്പോഴാണ് മനസ്സിലായത്. ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും മതേതരമായി കൊണ്ടാടിയത് നാം നേരത്തെ കണ്ടുകഴിഞ്ഞല്ലോ. ശബരിമല അയ്യപ്പന്മാര്‍ക്ക് വിരി വെയ്കാനും കര്‍പ്പൂരാരാധനയ്ക്കും സൗകര്യമൊരുക്കിയതും നാം കണ്ടുകഴിഞ്ഞു. താമസിയാതെ രാമായണ മാസാചരണവും മുത്തപ്പന്‍ വെള്ളാട്ടും ഗീതാജ്ഞാനയജ്ഞവും ഭാഗവത സപ്താഹവുമൊക്കെ പാര്‍ട്ടി വകയായി പ്രതീക്ഷിക്കാം. പേരിനു മുന്നില്‍ ഒരു മതേതരത്വം ഉണ്ടാവുമെന്നുമാത്രം.

വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തില്‍ ഇതൊക്കെപ്പെടുമോ എന്നുമാത്രം ചോദിക്കരുത്. ലെനിന്റെ പാര്‍ട്ടി പരിപാടിയില്‍ ഇത് പറഞ്ഞിട്ടണ്ടോ എന്ന് ആരും അന്വേഷിക്കുകയുമരുത്. ആര്‍ എസ് എസിനെ നേരിടാനുള്ള അടവുനയം എന്ന താത്വിക വിശകലനം തൊണ്ടതൊടാതെ നമുക്ക് വിഴുങ്ങാം. ഞങ്ങള്‍ പാവപ്പെട്ട ആര്‍എസ് എസുകാര്‍ കഴിഞ്ഞ ആറു പതിറ്റാണ്ടു കാലം ഇതൊക്കെ വേണമെന്നു പറഞ്ഞപ്പോള്‍ കളിയാക്കിയവരും കല്ലെറിഞ്ഞവരും ഇപ്പോള്‍ ഇതൊക്കെ ഏറ്റെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഒരു കാര്യം സമ്മതിച്ചേ പറ്റൂ, വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം മരിച്ചു, ഇപ്പോഴുള്ളത് വെറും ജഡം മാത്രം. ജീവനുള്ളത് ഭാരതീയ ദര്‍ശനങ്ങള്‍ക്കും അതിന്റെ പേരില്‍ നിലനില്‍ക്കുന്ന സംഘ പ്രസ്ഥാനങ്ങള്‍ക്കും. അറുപതുകൊല്ലം കൊണ്ട് നിങ്ങളെയോക്കെക്കൊണ്ട് ഇത്രയൊക്കെ ചെയ്യിക്കാന്‍ കഴിഞ്ഞല്ലോ. ഇതൊക്കെ കണ്ടു ഡോക്ടര്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ ആത്മാവ് നിര്‍വൃതിയടയുന്നുണ്ടാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button