പത്താന്‍കോട്ട്: പൊലീസ് സൂപ്രണ്ടിനേയും രണ്ട് സഹപ്രവര്‍ത്തകരേയും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിന് പിന്നില്‍ പാകിസ്ഥാന്‍ ഭീകരരെന്ന് സംശയം. ഇതോടെ പഞ്ചാബില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംഘം സൈനിക വേഷത്തിലായിരുന്നെന്നും ബോര്‍ഡര്‍ റേഞ്ച് ഡി.ഐ.ജി കുന്‍വര്‍ വിജയ് പ്രതാപ് സിങ് അറിയിച്ചു.
പാക് അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം അകലെയാണ് സംഭവം നടന്നത്. പത്താന്‍കോട്ട്-ജമ്മു ഹൈവേയില്‍ വെച്ച് എസ്.പി സല്‍വീന്ദര്‍ സിംഗ്, അദ്ദേഹത്തിന്റെ സുഹൃത്ത് രാജേഷ് വര്‍മ്മ, വര്‍മ്മയുടെ കുക്ക് ഗോപാല്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന എസ്.യു.വി പട്ടാള വേഷം ധരിച്ച അഞ്ച് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവരുടെ കയ്യില്‍ മാരക ശേഷിയുള്ള ആയുധങ്ങളുണ്ടായിരുന്നെന്ന് എസ്.പി പറഞ്ഞു.
വാഹനത്തിനകത്തേക്ക് കയറിയ ഭീകരര്‍ മൂവരേയും കൊള്ളയടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. വാഹനം പത്താന്‍കോട്ടെത്തിയപ്പോള്‍ ഒരാളെ മുറിവേല്‍പ്പിച്ച് വാഹനത്തില്‍ നിന്നും പുറത്തേക്കെറിഞ്ഞ ശേഷം എസ്.പിയേയും മൂന്നാമത്തെയാളെയും താജ്പൂരിലെ വഴിയരികില്‍ ഉപേക്ഷിച്ചു. ധീര ഗ്രാമത്തില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്. എസ്.പിയുടെ മൊബൈല്‍ ഫോണുപയോഗിച്ച് പാകിസ്ഥാനിലേക്ക് വിളിച്ചതായും റിപ്പോര്‍ട്ടുണ്ട്.
എസ്.പിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തിന് മൂന്ന് കിലോമീറ്റര്‍ മാറി ഒരു മൃതദേഹവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇകാഗര്‍ സിംഗ് എന്ന ടാക്‌സി ഡ്രൈവറാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ സ്ഥലത്ത് നിന്ന് തന്നെ ഇകാഗറിന്റെ ഇന്നോവയും കണ്ടെത്തി. രണ്ട് സംഭവത്തിനും രണ്ട് പ്രഥമവിവര റിപ്പോര്‍ട്ടുകള്‍ പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. സൈന്യത്തിന്റെ പത്താന്‍കോട്ട് യൂണിറ്റും ജമ്മു പൊലീസും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്.
Post Your Comments