തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിവരസങ്കേതങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ സുതാര്യവും ലളിതവുമാക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കേരള ഡിജിറ്റൽ സർവകലാശാലയും സാങ്കേതിക കരാറിനുള്ള ധാരണാപത്രം ഒപ്പിട്ടു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്റെ സാന്നിധ്യത്തിൽ കമ്മിഷൻ സെക്രട്ടറി എ. സന്തോഷും കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. വോട്ടർപട്ടിക തയ്യാറാക്കൽ, പോളിങ് ഉദ്യോഗസ്ഥരുടെ വിന്യാസം, പോളിങ് സാമഗ്രികളുടെ ശേഖരണവും വിതരണവും, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം, തെരഞ്ഞെടുപ്പ് വിവരങ്ങളുടെ അപഗ്രഥനം തുടങ്ങിയവയ്ക്കായി വിവരസാങ്കേതികവിദ്യാ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തും.
ഗ്രാമസഭ/വാർഡ്സഭ മുതൽ തദ്ദേശസ്ഥാപന പ്രവർത്തനങ്ങൾക്കായി ഭരണഘടനാനുസൃതം തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ, വോട്ടവകാശം നേടുകയും വിനിയോഗിക്കുകയും ചെയ്യേണ്ട വോട്ടർമാർ, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്ന ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവരുടെ അവകാശങ്ങളും കടമകളും നിലവിലുള്ള ഭരണഘടനാ നിയമ വ്യവസ്ഥകൾ പ്രകാരം കാര്യക്ഷമമായി നടപ്പാക്കുന്നതിന് കൂടുതൽ ഊന്നൽ നൽകും. 18 വയസ് കഴിഞ്ഞ മുഴുവൻ യോഗ്യരായ വോട്ടർമാരെയും ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പുകളിൽ പരമാവധി പോളിംഗ് ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികളുമുണ്ടാകും. തിരഞ്ഞെടുപ്പു പ്രവർത്തന ങ്ങൾ ഓൺലൈനായി നടത്തുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കും.
Read Also: യൂട്യൂബില്‍ നിന്ന് വരുമാനമായി പ്രതിമാസം നാല് ലക്ഷം രൂപ ലഭിക്കുന്നുണ്ട്: വിശദമാക്കി നിതിന്‍ ഗഡ്കരി
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ പൊതുജനാഭിപ്രായം തേടിയിരുന്നു. കമ്മീഷന് ലഭിച്ച നിരവധി നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് ഡിജിറ്റൽ സർവകലാശാലയുമായി സഹകരിച്ച് സാങ്കേതികവിദ്യാസൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനുള്ള ശ്രമം കമ്മീഷൻ നടത്തുന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തു നടന്ന ചടങ്ങിൽ ലോ ഓഫീസർ വി. ഷാജിമോൻ, ജോയിന്റ് സെക്രട്ടറി അജി ഫിലിപ്പ്, കമ്മീഷണറുടെ പ്രൈവറ്റ് സെക്രട്ടറി കെ.വി മുരളീധരൻ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. മോഹൻദാസ്, സീനിയർ ഫിനാൻസ് മാനേജർ യമുന വി, ഡെപ്യൂട്ടി സെക്രട്ടറി സുരേഷ് കുമാർ എ, പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ.സി. വേണുഗോപാൽ, ഡിജിറ്റൽ സർവകലാശാല (റിസർച്ച് & ഡെവലപ്പ്മെന്റ്) ഡീൻ ഡോ. അഷറഫ് എസ്, കേരള ബ്ലോക്ക് ചെയിൻ അക്കാദമി കൺവീനർ ആദർശ് എസ് തുടങ്ങിയവർ പങ്കെടുത്തു.
Read Also: ആരോഗ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും രഹസ്യമായി മൂന്നാം ഡോസ് വാക്സിന് എടുക്കുന്നതായി റിപ്പോര്‍ട്ട്
Post Your Comments