കൊല്ലം: കഥാപ്രസംഗ വേദികളെ സമ്പന്നമാക്കിയ കലാകാരനും നാടകസംവിധായകനുമായ കൊല്ലം ബാബു (80) അന്തരിച്ചു. സംസ്കാരം നടത്തി. 13-ാം വയസില്‍ നാടകവേദിയിലൂടെ ആരംഭിച്ച കലാജീവിതത്തിനാണ് ഇന്ന് അന്ത്യമായിരിക്കുന്നത്. 45 വര്‍ഷത്തോളം കഥാപ്രസംഗ അവതാരകനായി തിളങ്ങിയ കൊല്ലം ബാബു ഒട്ടേറെ നാടകങ്ങളും രചിച്ചിട്ടുണ്ട്.
ബാബു തന്റെ ചെറുപ്പകാലത്ത് ‘തെരുവിന്റെ മക്കള്‍’ എന്ന അമച്വര്‍ നാടകത്തില്‍ 60 കാരന്റെ വേഷം ചെയ്ത് കാണികളെ അമ്പരപ്പിച്ചുകൊണ്ടാണ് ആദ്യമായി വേദിയിലെത്തിയത്. പിന്നീട് 1959ല്‍ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ഉടനെ കാഥികന്റെ വേഷമണിയുകയും ചെയ്തു. കലാ ജീവിതത്തിന് എന്നും പ്രോത്സാഹനം നല്‍കിയത് പാട്ടുകാരനായ സഹോദരന് ഗോപിനാഥന് നായരായിരുന്നു. കഥാപ്രസംഗത്തില്‍ പ്രശസ്തനായിരുന്ന സമയത്താണ് 1982ല്‍ യവന എന്ന നാടക ട്രൂപ്പ് ആരംഭിക്കുന്നത്. ഈ ട്രൂപ്പിന്റെ അമരക്കാരനായിരുന്നു ബാബു. നാടകങ്ങളില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആരെങ്കിലും വരാതിരുന്നാല്‍ പകരക്കാരനായി മാത്രം കൊല്ലം ബാബു രംഗത്തെത്തിയിരുന്നു. ആ സമയത്ത് കഥാപ്രസംഗത്തില്‍ തന്റേതായ ശൈലി അവതരിപ്പിച്ച് തിരക്കുള്ള കാഥികനായി അദ്ദേഹം മാറിയിരുന്നു.
നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. 1979ല്‍ കഥാപ്രസംഗത്തിന് സംഗീതനാടക അക്കാദമി പുരസ്കാരം, 2010ല്‍ കേരള കഥാപ്രസംഗ അക്കാദമിയുടെ കാഥികശ്രേഷ്ഠ അവാര്‍ഡ്, 2012ല്‍ കഥാപ്രസംഗത്തില്‍ സമഗ്രസംഭാവനാ പുരസ്കാരം എന്നിങ്ങനെ നൂറുകണക്കിന് പുരസ്കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഭാര്യ: സിഎന്‍ കൃഷ്ണമ്മ. മക്കള്‍: കല്യാണ്‍ കൃഷ്ണന്, ആരതി, ഹരികൃഷ്ണന്.
Post Your Comments