ഉത്തര്‍പ്രദേശ്: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത് രണ്ടുകിലോയിലധികം മുടി. ബാലരാംപൂര്‍ ആശുപത്രിയിലാണ് വിചിത്ര സംഭവം നടന്നത്. രണ്ടുവര്‍ഷത്തിലേറെയായി പെണ്‍കുട്ടിക്ക് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നു. കൂടാതെ ശരീരഭാരം ക്രമാതീതമായി കുറയുകയും ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടും ശക്തമായ വയറുവേദനയും പെണ്‍കുട്ടി അനുഭവിച്ചിരുന്നു.
മുടികൊഴിച്ചിലായിരുന്നു പെണ്‍കുട്ടിയെ അലട്ടിയിരുന്ന മറ്റൊരു പ്രധാന പ്രശ്നം. വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ബാലരാംപൂരിലെ ആശുപത്രിയിലെത്തിച്ചത്. സര്ജന് ഡോ. എസ്.ആര് സംദാറിന്റെ നേതൃത്വത്തില്‍ കുട്ടിയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. അള്‍ട്രാസൗണ്ട് പരിശോധനയില്‍ കുട്ടിയുടെ വയറ്റില്‍ വലിയൊരു മുഴ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സി.ടി സ്കാനിന് വിധേയമാക്കിയപ്പോഴും വയറ്റില്‍ പന്തിന്റെ വലിപ്പത്തില്‍ മുഴ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ എന്‍ഡോസ്കോപിക്ക് വിധേയമാക്കുകയായിരുന്നു. അതില്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ മുടിയാണെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു. 20 സെന്റിമീറ്റര്‍ വീതിയില്‍ രണ്ടു കിലോയിലധികം തൂക്കമായിരുന്നു മുടിക്ക്.
ഒന്നര മണിക്കൂറോളം നീണ്ട സര്‍ജറിയിലൂടെ മുടി പുറത്തെടുക്കുകയും ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാനും ഡോക്ടര്‍മാര്‍ക്കായി. പെണ്‍കുട്ടി ഇപ്പോള്‍ ആരോഗ്യവതിയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിക്ക് അപൂര്‍വരോഗമാണെന്നും ജനിച്ചപ്പോള്‍ മുതലുണ്ടായിരുന്ന മാനസികാസ്വാസ്ഥ്യമാണ് ഇതിന് കാരണമെന്നും ഡേക്ടര്‍മാര്‍ പറഞ്ഞു.
Post Your Comments