മയാമി: കാലാവധി തീര്‍ന്നിട്ടും തെരഞ്ഞെടുപ്പിന് മുതിരാതെ അധികാരത്തില്‍ തൂങ്ങിക്കിടന്ന ഹൈതി പ്രസിഡണ്ട് ജൊവേനെല്‍ മോയിസിനെ ഒരു കൂട്ടം അക്രമികള്‍ വെടിവെച്ചുകൊന്നു. അമേരിക്കന്‍ മയക്കുമരുന്ന് വിരുദ്ധ സേനയിലെ അംഗങ്ങള്‍ എന്ന വ്യാജേന എത്തിയ ഇംഗ്ലീഷും സ്പാനിഷും സംസാരിക്കുന്ന ഒരുകൂട്ടം ആളുകളാണ് പ്രസിഡന്റിന്റെ വീടിനകത്ത് കയറി വെടിവെച്ചത്. വെടിവയ്പില്‍ ഗുരുതരമായ പരിക്കേറ്റ ഭാര്യ മാര്‍ട്ടിനിയെ മിയാമിയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി.
കനത്ത വെടിവയ്പ് നടന്നതിന്റെയു ഗ്രനേഡുകള്‍ പൊട്ടുന്നതിന്റെയും ശബ്ദം കേട്ടുവെന്ന് പ്രസിഡണ്ടിന്റെ സമീപവാസികള്‍ പറയുന്നു. കറുത്ത വസ്ത്രമിട്ട നിരവധിപേര്‍ ഓടുന്നതും കണ്ടെന്ന് ചിലര്‍ പറയുന്നു. ഒരു അയല്‍വാസി എടുത്ത ചിത്രത്തില്‍ ചിലര്‍ റൈഫിളുകളുമേന്തി പ്രസിഡന്റിന്റെ വീടിന്റെ പുറത്ത് എത്തുന്ന ദൃശ്യമുണ്ട്. എന്നാല്‍ ഇവര്‍ ഹൈതി സുരക്ഷാ സൈനികരാണോ അക്രമകാരികളാണോ എന്നതില്‍ വ്യക്തതയില്ല. അതേസമയം ഏകാധിപതിയെ പോലെ ആയിരുന്നു ഇദ്ദേഹം ഉണ്ടായിരുന്നത്.
ഈ വര്‍ഷം ആദ്യം പ്രസിഡന്റിന്റെ കാലാവധിതീര്‍ന്നിരുന്നു. എന്നിട്ടും രാജിക്കൊരുങ്ങാതെയും തിരഞ്ഞെടുപ്പ് നടത്താതെയും അധികാരത്തില്‍ തുടരുകയായിരുന്നു മോയ്സ്. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ കടുത്ത നടപടികളിലൂടെ ജനങ്ങളില്‍ ഭയം ജനിപ്പിച്ചാണ് അദ്ദേഹം അതിനെ നേരിട്ടത്. ഒരു ന്യുറോ സര്‍ജന്‍ കൂടിയായ ഏരിയല്‍ ഹെന്റിയെ പ്രധാനമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്തതിനു തൊട്ടുപിന്നാലെയാണ് മോയ്സ് വെടിയേറ്റ് മരിക്കുന്നത്.
കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളിലെ എട്ടാമത്തെ പ്രധാനമന്ത്രിയാണ് ഏരിയല്‍.ഇടക്കാല പ്രധാനമന്ത്രി ജോസഫ് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. രാജ്യത്തെ സവിശേഷ സാഹചര്യത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന രീതിയില്‍ നിയമങ്ങളില്‍ മാറ്റംവരുത്തുകയും ചെയ്തിട്ടുണ്ട്. പ്രത്യേക മന്ത്രിസഭായോഗം വിളിച്ചു ചേര്‍ക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments