ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിന്റെ സംസ്‌ഥാനപദവി പുനഃസ്‌ഥാപിക്കാന്‍ താന്‍ പ്രതിജ്‌ഞാബദ്ധനാണെന്നും എന്നാൽ അതിനു സമയമായിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്‌ഥാനപദവിയും ഭരണഘടനയുടെ 370-ാം വകുപ്പു പ്രകാരമുള്ള പ്രത്യേകപദവിയും റദ്ദാക്കിയശേഷം ഇതാദ്യമായി ജമ്മു കശ്‌മീരിലെ പ്രധാന രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയിലായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്.
ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ ക്ഷണപ്രകാരം നാലു മുന്‍മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടെ എട്ടു കക്ഷികളില്‍നിന്നുള്ള 14 നേതാക്കള്‍ സന്നിഹിതരായി. മേഖലയിലെ രാഷ്‌ട്രീയപ്രക്രിയ പുനരാരംഭിക്കല്‍, നിയമസഭാ തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങള്‍ മൂന്നു മണിക്കൂറോളം നീണ്ട യോഗത്തില്‍ ചർച്ച ചെയ്തോ എന്ന് വ്യക്തമല്ല. പ്രത്യേക അജന്‍ഡ നിശ്‌ചയിക്കാതെ നടന്ന കൂടിക്കാഴ്‌ചയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആരംഭിക്കേണ്ട നടപടികള്‍ പരാമര്‍ശവിധേയമായി. മണ്ഡലാതിര്‍ത്തി പുനര്‍നിര്‍ണയം ഉള്‍പ്പെടെയുള്ളവ ചര്‍ച്ചയായെന്നും റിപ്പോര്‍ട്ടുണ്ട്.
സംസ്‌ഥാനപദവി പുനഃസ്‌ഥാപനത്തിന് കാലമായിട്ടില്ലെന്ന കേന്ദ്രനിലപാട് പ്രധാനമന്ത്രി യോഗത്തെ ധരിപ്പിച്ചതായാണു സൂചന. കേന്ദ്രസര്‍ക്കാരിന്റെ ശക്‌തമായ ഭീകരവാദവിരുദ്ധനയത്തിനൊപ്പം കോവിഡ് വ്യാപനവും ജമ്മു കശ്‌മീരിലെ ഭീകരര്‍ക്കു കനത്ത പ്രഹരമേല്‍പ്പിച്ചതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി . രാഷ്‌ട്രീയ പ്രക്രിയ വീണ്ടും സജീവമാക്കാന്‍ അനുകൂലസമയമാണിതെന്നും മന്ത്രാലയ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിക്കു പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ദോവല്‍, ജമ്മുകശ്‌മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് ശര്‍മ, പി.എം.ഒയുടെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിങ്, മുന്‍ മുഖ്യമന്ത്രിമാരായ ഗുലാംനബി ആസാദ് (കോണ്‍ഗ്രസ്), മെഹബൂബാ മുഫ്‌തി (പി.ഡി.പി.), ഫറൂഖ് അബ്‌ദുള്ള, ഒമര്‍ അബ്‌ദുള്ള (ഇരുവരും നാഷണല്‍ കോണ്‍ഫറന്‍സ്), മുന്‍ ഉപമുഖ്യമന്ത്രിമാരായ താരാചന്ദ് (കോണ്‍ഗ്രസ്), മുസഫര്‍ ഹുസൈന്‍ ബെയ്‌ഗ് (പീപ്പിള്‍സ് കോണ്‍ഫറന്‍സ്), നിര്‍മല്‍ സിങ്, കവിന്ദര്‍ ഗുപ്‌ത (ഇരുവരും ബി.ജെ.പി.) എന്നിവരടക്കമുള്ള പ്രമുഖരും സംബന്ധിച്ചു.
Post Your Comments