പയ്യോളി: വിവാഹ-ജോലി തട്ടിപ്പ് വീരന് ഏഴാം വിവാഹത്തിനുള്ള ഒരുക്കത്തിനിടെ പിടിയില്‍. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി അരിയില്‍ പൂത്തറമ്മല്‍ പവിത്രന് എന്ന താഹിറിനെയാണ് (61) പയ്യോളി പൊലീസ് പിടികൂടിയത്. തുറയൂര്‍ ഇരിങ്ങത്ത് സ്വദേശിയായ യുവാവിന് സി.ഐ.എസ്.എഫില്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷം രൂപ കൈക്കലാക്കിയ കേസിലാണ് പ്രതി പിടിയിലായത്.
2018 ഡിസംബറില്‍ കുന്ദമംഗലത്ത് വെച്ച് അഞ്ച് ലക്ഷവും 2020 ജനുവരിയില്‍ കോഴിക്കോട് മാവൂര്‍ റോഡില്‍ വെച്ച് രണ്ട് ലക്ഷവും നല്‍കിയെങ്കിലും യുവാവിന് ജോലി ലഭിച്ചില്ല. പ്രതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 21ന് പയ്യോളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ടു തവണയും പണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ യുവാവ് ക്യാമറയില്‍ രഹസ്യമായി പകര്‍ത്തിയിരുന്നു. റെയില്‍വേ, എയര്‍പോര്‍ട്ട്, ഭൂഗര്‍ഭ വകുപ്പ് തുടങ്ങിയ മേഖലകളില്‍ ഉദ്യോഗാര്‍ത്ഥികളെ തിരുകി കയറ്റുമെന്ന വാഗ്ദാനം നല്കി ഇത്തരത്തില്‍ നിരവധിപേരെ വഞ്ചിച്ചുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
മലപ്പുറത്ത് ഏഴാമത്തെ വിവാഹത്തിനുള്ള പെണ്ണ് കാണല്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. മാനന്തവാടി സ്വദേശിനിയായ ഭാര്യയുടെ പേരിലുള്ള സിം കാര്‍ഡാണ് പ്രതി അവസാനമായി ഉപയോഗിച്ചത്. ഈ നമ്പര്‍ പിന്തുടര്ന്ന് സൈബര്‍ സെല്‍ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ അടിവാരം ചിപ്പിലിത്തോടിന് സമീപത്തുള്ള വീട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. നിരവധി വ്യാജരേഖകളും രണ്ട് പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും പ്രതിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൂട്ടുപ്രതികളായ പേരാമ്പ്ര, മേപ്പയൂര്‍ സ്വദേശികളും ഉടന്‍ പിടിയിലാവുമെന്ന് പൊലീസ് പറഞ്ഞു.
Read Also: അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി ബിഎസ്എഫ്: മനുഷ്യക്കടത്ത് നടത്തിയ ബംഗ്ലാദേശ് പൗരന് പിടിയില്‍
മലബാറിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി വിവാഹ തട്ടിപ്പ് നടത്തിയ ഇയാൾ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയെ വിവാഹം ചെയ്തതില്‍ രണ്ട് മക്കളുണ്ട്. തുടര്‍ന്ന് മതം മാറിയതായി അവകാശപ്പെട്ട് ഇസ്ലാമിക ആചാരപ്രകാരം അഞ്ച് മുസ്ലിം സ്ത്രീകളെ വിവാഹം ചെയ്തതായും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കി. പെരിന്തല്‍മണ്ണ, കൂടരഞ്ഞി, മാനന്തവാടി, അഴിയൂര്‍ സ്വദേശിനികളെയാണ് വിവാഹം ചെയ്തത്. പെരിന്തല്‍മണ്ണ സ്വദേശിനിയില്‍ 13 വയസ്സും വടകര അഴിയൂര്‍ സ്വദേശിനിയില്‍ 10 വയസ്സുമുള്ള കുട്ടികളുണ്ട്.
Post Your Comments