തിരുവനന്തപുരം: കിടപ്പുരോഗികളായ മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകും. ഇത്തരത്തിൽ വീടുകളിലെത്തി വാക്സിൻ നൽകുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകി. പിപിഇ കിറ്റ് ധരിക്കണമെന്ന് നിർബന്ധമില്ല. വേണമെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതിയാകും. എന്നാൽ ഗ്ലൗസ്, മാസ്ക്, ഫെയ്സ് ഷീൽഡ് എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.
ഓരോ വീട്ടിലും എത്തുന്ന വാക്സിനേഷൻ സംഘത്തിൽ ഒരു മെഡിക്കൽ ഓഫീസർ, വാക്സിൻ നൽകുന്നയാൾ, സഹായിയായി ആശ വർക്കർ അല്ലെങ്കിൽ സന്നദ്ധ പ്രവർത്തകർ എന്നിവരുണ്ടാകണം. വാക്സിൻ നൽകുന്നതിന് മുമ്പ് കിടപ്പുരോഗികളുടെ ആരോഗ്യം അതാത് വീട്ടിലെത്തുന്ന മെഡിക്കൽ ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തണം. വാക്സിൻ നൽകിയതിന് ശേഷം വാക്സിൻ സ്വീകരിച്ചയാളെ 30 മിനിറ്റ് നേരത്തേക്ക് നിരീക്ഷിക്കാൻ ഒരാളെ ഏർപ്പെടുത്തണം. ആശ പ്രവർത്തകയോ സന്നദ്ധ പ്രവർത്തകരോ ആയ ആളെ വേണം ഇതിനായി നിയോഗിക്കേണ്ടത്. വാക്സിൻ സ്വീകരിച്ച ആളിന് ശാരീരിക അസ്വസ്ഥതകൾ പ്രകടമായാൽ വിവരം മെഡിക്കൽ ഓഫീസറിനെ അറിയിച്ച് എത്രയും പെട്ടന്ന് ആംബുലൻസ് മുഖേനെ വൈദ്യസഹായം ലഭ്യമാക്കണമെന്നും സർക്കാർ നിർദ്ദേശിക്കുന്നു.
കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരെയും ക്ലർക്കുമാരേയും കോവിഡ് വാക്സിനേഷന്റെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഏതെങ്കിലും കോടതികളിൽ സജീവമായി പ്രവർത്തിക്കുന്ന അഭിഭാഷകർക്കും ക്ലർക്കുമാർക്കുമാണ് വാക്സിന് മുൻഗണന ലഭിക്കുന്നത്. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുടെയും അധികാര പരിധിയിൽ വരുന്ന സ്ഥലങ്ങളിലെ മുതിർന്ന പൗരന്മാരുടെ വിവരങ്ങൾ അതാത് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ ശേഖരിക്കണമെന്നും ഈ വിവരങ്ങൾ ഉപയോഗിച്ച് മുതിർന്ന പൗരന്മാർക്ക് ആവശ്യമായ സേവനങ്ങൾ പോലീസ് ഉറപ്പുവരുത്തണമെന്നും സർക്കാർ പറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
Post Your Comments