കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും എന്നും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്ന രീതിയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടേത്. ഇതുവരെ അവര്‍ തന്റെ നിലപാടില്‍ നിന്ന് പിന്നാക്കം പോയിട്ടില്ല. കഴിഞ്ഞ ദിവസം യാസ് ചുഴലിക്കാറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മമത പങ്കെടുത്തിരുന്നില്ല. ഒപ്പം പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി അലാപന്‍ ബന്ദോപാദ്ധ്യായും. മാത്രമല്ല എയര്‍ബേസില്‍ എത്തിയ പ്രധാനമന്ത്രിയെ അവര്‍ കണ്ടത് പത്ത് മിനിറ്റ് കഴിഞ്ഞതിനു ശേഷമാണ്. ഇതോടെ ചീഫ് സെക്രട്ടറിയെ തിരികെ കേന്ദ്ര സര്‍വീസിലേക്ക് വിളിക്കുന്ന നടപടി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായി.
Read Also : രാജ്യത്തെ വ്യാവസായിക തലസ്ഥാനത്ത് ഇന്ധനവില നൂറ് കടന്നു
എന്നാല്‍ അവര്‍ വീണ്ടും പ്രധാനമന്ത്രിയെയും ഓഫീസിനെയും കടന്നാക്രമിക്കുന്ന പ്രസ്താവനയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ‘എനിക്ക് മറ്റ് പ്രധാന മീറ്റിംഗുകളില്‍ പങ്കെടുക്കേണ്ടതുണ്ട്, അതുകൊണ്ട് പ്രധാനമന്ത്രിയുടെ അനുമതി വാങ്ങിയാണ് ഞാന്‍ പോയത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എന്നെ അപമാനിച്ചു’ .
തന്റെ പ്രഥമ പരിഗണന ബംഗാളിനാണെന്നും സംസ്ഥാനത്തെ ഒരിക്കലും അപകടത്തില്‍ പെടുത്തില്ലെന്നും മമത പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സുരക്ഷയ്ക്കായി നിലകൊളളുമെന്നും മമത ആവര്‍ത്തിച്ചു.
‘ബംഗാളിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രധാനമന്ത്രി കാല് പിടിക്കാന്‍ ആവശ്യപ്പെട്ടാലും ഞാന്‍ തയ്യാറാണ്. എന്നാല്‍ എന്നെ അപമാനിക്കരുത്’. മമത ആവശ്യപ്പെട്ടു. ‘പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കേണ്ട മീറ്റിംഗില്‍ ഗവര്‍ണറെയും ബിജെപി നേതാക്കളെയും വിളിച്ചു. ഒഴിഞ്ഞ കസേരകള്‍ വച്ചു. ഇതെല്ലാം അപമാനിക്കാനുളള ഒരു പദ്ധതിയുടെ ഭാഗമാണ്.’ മമത ആരോപിക്കുന്നു.
Post Your Comments